
ആലപ്പുഴ: നഗരത്തിൽ ഉപയോഗിക്കാത്ത പൊതുടാപ്പുകൾ ഉടൻ നീക്കം ചെയ്യും. ഇതിന് മുന്നോടിയായി വാട്ടർ അതോറിട്ടി ടെൻഡർ നടപടികൾ ആരംഭിക്കും. നഗരപരിധിയിൽ വിച്ഛേദിക്കേണ്ട പൊതുടാപ്പുകളുടെ പട്ടിക നഗരസഭ വാട്ടർ തോറിട്ടിക്ക് കൈമാറിയിരുന്നു. ടാപ്പുകൾ വിച്ഛേദിക്കുന്നതിന് 23 ലക്ഷം രൂപയും വാട്ടർ അതോറിട്ടിയിൽ നഗരസഭ അടച്ചു. അമൃത്, കിഫ്ബി കുടിവെള്ള കണക്ഷനുകൾ എല്ലാ വീടുകളിലും ലഭ്യമായതോടെയാണ് ഉപയോഗമില്ലാത്ത ടാപ്പുകൾ ഒഴിവാക്കാൻ നഗരസഭ തീരുമാനിച്ചത്.
നഗരസഭയുടെയും വാട്ടർ അതോറിട്ടിയുടെയും സംയുക്ത പരിശോധനയിലൂടെ കണ്ടെത്തിയ അത്യാവശ്യ കണക്ഷനുകൾ നിലനിറുത്തിയ ശേഷമാണ് ബാക്കി ഉള്ളവ ഒഴിവാക്കുന്നത്. നഗരത്തിലെ പൊതുടാപ്പുകളുടെ വെള്ളക്കരത്തിന്റെ കുടിശിക ഇനത്തിൽ കോടികൾ ഒഴിവാക്കി ജല അതിറിട്ടി നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ 15 വർഷത്തെ കുടിശികയായ 58.78 കോടിയാണ് ഒഴിവാക്കിയത്.
നഗരസഭയ്ക്ക് ബില്ല് ലാഭമാകും
ഗാർഹിക കണക്ഷനുകൾ എല്ലാവീടുകളിലും ലഭിച്ചതോടെ പല പൊതുടാപ്പുകളും ഉപയോഗമില്ലാതായി
ഇവ നശിക്കുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചത്.
ഉപയോഗ ശൂന്യമായ ടാപ്പുകൾ ഒഴിവാക്കിയില്ലെങ്കിൽ ഇവയുടെ ബില്ലും നഗരസഭ അടക്കേണ്ടിവരും
അമിത ചെലവ് ഒഴിവാക്കുകയാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്
നീക്കം ചെയ്യുന്ന ടാപ്പുകൾ
1500
പ്രവർത്തനങ്ങൾ സംബന്ധിച്ച് വാട്ടർ അതോറിട്ടിയുമായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടിരുന്നു. ജല അതോറിട്ടി ടെൻഡർ നടപടികളിലേക്ക് കടന്നാൽ പ്രവർത്തനങ്ങൾ വേഗത്തിലാകും
നഗരസഭ അധികൃതർ