
ആലപ്പുഴ: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് , തട്ടുകട പ്രവർത്തിക്കുന്ന മുച്ചക്രവണ്ടിയിലിടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് കൊച്ചുതയ്യിൽ ബാബുരാജ് (59) ആണ് മരിച്ചത്. ആറാട്ടുവഴിയിലെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച രാത്രി 10.15ന് കൊമ്മാടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ബാബുരാജ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കച്ചവടം കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുകയായിരുന്ന മംഗലം സ്വദേശി അശോകന്റെ മുച്ചക്രവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ബാബുരാജിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാബുരാജിന്റെ ഭാര്യ: ലാലി ബാബുരാജ്. മക്കൾ: ലാൽജി രാജ്, യദുലാൽ.