
മാന്നാർ: രാഷ്ട്രപതിയിൽ നിന്ന് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ച എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ (റിട്ട.) തന്നെ ആദരിക്കാനായി ക്ഷണിക്കുന്നവരോട് പറയുന്നത് ഒന്നു മാത്രം, എനിക്ക് മൊമന്റോയും പൊന്നാടയും വേണ്ട. അതിന്റെ തുക തന്നാൽ എന്റെ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ ഉപകരിക്കുമെന്നാണ്. ചെങ്ങന്നൂർ ലയൺസ് ക്ലബും മാന്നാർ ഗ്രന്ഥശാലയും ആ തുക ശ്രീകുമാറിന് കൈമാറിയതോടെ താൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ മാന്നാർ ഗവ.എൽ.പി സ്കൂൾ ക്ലാസ് ലൈബ്രറിയിലേക്ക് ഗ്രന്ഥശാലാ ദിനത്തിൽ പുസ്തകങ്ങൾ വാങ്ങി നൽകി. മാന്നാർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ പുസ്തകങ്ങൾ പ്രധാന അദ്ധ്യാപിക മറിയാമ്മയ്ക്ക് ശ്രീകുമാർ കൈമാറി. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ശരിധരൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എൽ.പി സത്യപ്രകാശ്, കമ്മറ്റി അംഗങ്ങളായ ഗണേഷ് കുമാർ.ജി, തൃവിക്രമൻപിള്ള, മുരളി മോഹൻ, രഘുനാഥ്.എസ് , പി.റ്റി.എ പ്രതിനിധി അഭിലാഷ് തിരുവഞ്ചേരിൽ എന്നിവർ സംസാരിച്ചു. ഈ വർഷം രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ മാന്നാർ കുരട്ടിശ്ശേരി പടിപ്പുരയ്ക്കൽ തെക്കേതിൽ പി.കെ ശ്രീകുമാറിന് 2015 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. 1988 സെപ്‌റ്റംബർ 12 ന് ഇന്ത്യൻ എയർഫോഴ്‌സിൽ എൻജിനിയറായി പ്രവേശിച്ച ശ്രീകുമാർ 36 വർഷത്തെ മഹത്തായ സേവനത്തിനു ശേഷം അസിസ്റ്റന്റ് ചീഫ് ഒഫ് എയർ സ്റ്റാഫ് തസ്തികയിലിരിക്കെ 2024 ഏപ്രിൽ 30നാണ് വിരമിച്ചത്. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമന്വയ ഗ്ലോബലിന്റെ ജ്ഞാന വർഷ സഭയുടെ പ്രധാന സംഘാടകൻ കൂടിയാണ് ഈ എയർ വൈസ് മാർഷൽ.