
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓർത്തോവിഭാഗത്തിൽ അസ്ഥിരോഗത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽ കഴിയുന്ന ശാന്തിഭവൻ അന്തേവാസിയുടെ കാൽ മുറിച്ചുമാറ്റി. നാലുവർഷമായി ശാന്തിഭവനിലെ അന്തേവാസിയായ തങ്കച്ചന്റെ (85) വലതു കാലാണ് പഴുപ്പ് ബാധിച്ചത് കാരണം മുറിച്ചുമാറ്റിയത്.മെഡിക്കൽ കോളേജ് പരിസരത്ത് ആരും നോക്കാനില്ലാതെ കിടന്ന തങ്കച്ചനെ സാമൂഹ്യ പ്രവർത്തകരാണ് ശാന്തിഭവനിലെത്തിച്ചത്. ഭാര്യയും നാലുമക്കളും ഉണ്ടെന്നാണ് തങ്കച്ചൻ പറയുന്നത്. എന്നാൽ, നാളിതുവരെ അദ്ദേഹത്തെ കാണാൻ ആരും ശാന്തിഭവനിൽ എത്തിയിട്ടില്ല. ഇക്കാര്യം അറിഞ്ഞ് ബന്ധുക്കൾ അദ്ദേഹത്തെ വന്നുകാണാനുള്ള മനസ് കാണിക്കണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അഭ്യർത്ഥിച്ചു. ശാന്തിഭവൻ ജീവനക്കാരായ ശരത് കുമാർ, ഷമീർ അബ്ദുള്ള, ജോർജ് പരുത്തിയിൽ, സെബാസ്റ്റ്യൻ, ബോബൻ, കാളിരാജ്, ഷാജി എബ്രഹാം, നഴ്സുമാരായ ജോമോൾ, അജിതാ വിനോദ് എന്നിവരാണ് ശസ്ത്രക്രിയ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്.