മാന്നാർ : ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന മാധ്യമ സെമിനാറും ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനവും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10.30 ന് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ്.എസ് അദ്ധ്യക്ഷത വഹിക്കും. ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി ശബരി രചിച്ച വാട്ട് ആം ഐ മേഡ് ഓഫ് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. മാദ്ധ്യമ പ്രവർത്തകരായ ശ്രീജ ശ്യാം, അനുപമ ജി.നായർ, ജി.വേണുഗോപാൽ എന്നിവർ സെമിനാറിന്റെ വിവിധ സെഷനുകളിൽ സംസാരിക്കും. മാന്നാർ മീഡിയ സെന്റർ അംഗങ്ങളായിട്ടുള്ള മാദ്ധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.