ഹരിപ്പാട്: പെയിന്റിംഗ് തൊഴിലാളിയായ ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി.സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല എം.എൽ.എ. കണ്ണഞ്ചേരി പുതുവൽ വീട്ടിൽ പ്രതാപനെ വീയപുരം സ്റ്റേഷനിലെ പൊലീസുകാർ മർദ്ദിച്ചതായാണ് പരാതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയാപറമ്പ് കടവിന് സമീപത്ത് വച്ചാണ് പ്രതാപൻ പൊലീസുകാരുടെ മർദ്ദനത്തിന് ഇരയായത്.പ്രതാപന്റെ സൈക്കിളും വാങ്ങിയ പച്ചക്കറികളും പൊലീസുകാർ ആറ്റിലേക്ക് തള്ളിയിട്ടെന്നും പരാതിയുണ്ട്. പ്രതാപൻ പൊലീസ് അധികാരികൾക്കും, പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പരാതി നൽകി. പ്രതാപന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നിർദ്ധന ദളിത് യുവാവിനെ അകാരണമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നിയമനടപടിയും വകുപ്പുതല ശിക്ഷാനടപടിയും സ്വീകരിക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.