youth

ആലപ്പുഴ: യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് യുവജന കമ്മിഷൻ ഇടപെടുമെന്ന് ചെയർമാൻ എം. ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അദാലത്തിൽ പരിഗണിച്ച 23 കേസുകളിൽ 12 പരാതികൾ തീർപ്പാക്കി. 11 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതുതായി നാല് പരാതികൾ ലഭിച്ചു.തൊഴിൽ തട്ടിപ്പ്, ഗാർഹിക പീഡനം, പി.എസ്.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
ജില്ലാതല അദാലത്തിൽ കമ്മിഷൻ അംഗം അഡ്വ. ആർ. രാഹുൽ, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, അസിസ്റ്റന്റ് പി. അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.