photo

ചാരുംമൂട് : മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് പുരസ്ക്കാരത്തിന് താമരക്കുളം ഗ്രാമപഞ്ചായത്ത് അർഹമായി. പഞ്ചായത്തിലെ കൊട്ടക്കാട്ട്ശ്ശേരി 6-ാം വാർഡിൽ ലപ്രസി സാനിട്ടോറിയം വളപ്പിലെ 20 സെന്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പച്ചതുരുത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനം വിഭാഗത്തിലാണ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ചെറു കുന്നുകളും വയലുകളും കൃഷിയിടങ്ങളുമായി ഫലഭൂയിഷ്ഠമായ ഭൂമിയാണ് ഈ പ്രദേശത്തിനുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നവ കേരള കർമ്മ പദ്ധതി, ഹരിതകേരള മിഷൻ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. തുടക്കത്തിൽ നിരവധി പ്രതിസന്ധികൾ പദ്ധതി നടത്തിപ്പിൽ ഉണ്ടായിരുന്നെങ്കിലും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഭരണ സമിതി അംഗങ്ങൾ, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ, മറ്റ് ഉദോഗസ്ഥർ, ആറാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരുടെ പരിശ്രമത്തിലും സഹകരണത്തിലുമാണ് പദ്ധതി വിജയകരമാക്കിയത്. ആദ്യം നൂറിൽ പരം ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിച്ച് സംരക്ഷണത്തിനായി ജൈവ വേലിയും സ്ഥാപിച്ചു . പേര, ചാമ്പ, കൊക്കൈ, വാഴ,റമ്പൂട്ടാൻ, ആത്ത, നാരകം, ചീമ പുളി, കുടംപുളി,നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ഇവിടെയുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രവൃത്തി നടത്തുന്നതിന് 140836 രൂപ ചെലവായി. ഇതിന് വേണ്ടി തൊഴിലാളികൾക്ക് 514 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. ഈ പച്ചതുരുത്ത് സംരക്ഷിക്കുന്നത് ലെപ്രസി സാനിറ്റോറിയത്തിലെ അന്തേവാസിയായ നാഗരാജനാണ്.