
മാന്നാർ: അച്ചടി - ദൃശ്യ മാദ്ധ്യമങ്ങൾ ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സമൂഹ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ യുവ തലമുറ തിരിച്ചറിയണമെന്നും പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും സമൂഹ മാദ്ധ്യമങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തണമെന്നും മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ പറഞ്ഞു. ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും മാന്നാർ മീഡിയ സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന മാദ്ധ്യമ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു നികേഷ് കുമാർ. കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ്.എസ് അദ്ധ്യക്ഷത വഹിച്ചു. പമ്പാ കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം തിരുവനന്തപുരം കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്റ്റ് സെക്രട്ടറി അനുപമ ജി.നായർ നിർവഹിച്ചു. . ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി ശബരി രചിച്ച വാട്ട് ആം ഐ മേഡ് ഓഫ് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. മാന്നാർ മീഡിയ സെന്റർ അംഗങ്ങളായിട്ടുള്ള മാദ്ധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ. സത്യജിത്. എസ്, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് തലവൻ ഡോ.രതീഷ് കുമാർ.എ, ഓഫീസ് സൂപ്രണ്ട് ജി. സന്തോഷ് കുമാർ, മാന്നാർ മീഡിയ സെന്റർ പ്രസിഡന്റ് സാജു ഭാസ്കർ, കോളേജ് യൂണിയൻ ചെയർമാൻ അഭി ബിനു, ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി വീണ സരസ്വതി എന്നിവർ സസംസാരിച്ചു. അസി. പ്രൊഫ.മീരാ.സി സ്വാഗതവും അസി.പ്രൊഫ.രാധിക ലക്ഷ്മി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന സെഷൻ മാദ്ധ്യമപ്രവർത്തകൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മാന്നാർ മീഡിയ സെക്രട്ടറി അൻഷാദ് പി.ജെ. അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ആരതിരാജ് ,അസി.പ്രൊഫ.അഞ്ജലി ജഗദീഷ് എന്നിവർ സംസാരിച്ചു. ദ്വിദിന മാദ്ധ്യമ സെമിനാർ ഇന്ന് സമാപിക്കും.