ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ 98-ാമത് മഹാസാമാധിദിനം നാളെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ 9ന് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് പതാക ഉയർത്തും. തുടർന്ന് ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന, ഗുരുഭാഗവത പാരായണം, യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹപ്രാർ‌ത്ഥന എന്നിവ നടക്കും. വൈകിട്ട് 3.30ന് കിടങ്ങാംപറമ്പ് എൽ.പി സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വടയാർ സുരേഷ് ഗുരുപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും യോഗം ബോർഡ് മെമ്പർ പി.വി.സാനു നന്ദിയും പറയും. അന്നേദിവസം യൂണിയനിലെ മുഴുവൻ ശാഖാ ആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും കുടുംബയൂണിറ്റ് ആസ്ഥാനങ്ങളിലും പുഷ്പാർച്ചന, സമൂഹപ്രാർത്ഥന, മൗനജാഥകൾ, അനുസ്മരണ സമ്മേളനങ്ങൾ, ഗുരുപ്രഭാഷണങ്ങൾ, അന്നദാനം, പായസവിതരണം, കഞ്ഞിവീഴ്ത്തൽ, ദീപക്കാഴ്ചകൾ എന്നിവ നടത്തും. മഹാസമാധിദിനാചരണത്തിൽ എല്ലാ ശ്രീനാരായണീയരും പങ്കാളികളാകണമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അഭ്യർത്ഥിച്ചു.