
അമ്പലപ്പുഴ : തകർന്നു കിടക്കുന്ന തകഴി ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. തകഴി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡിന്റെ നിർമ്മാണം 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. റീ ബിൽഡ് കേരളയിൽപ്പെടുത്തി 2022 ഏപ്രിൽ ആണ് റോഡ് നിർമ്മാണം തുടങ്ങിയത്. 1.96 കോടി രൂപ ചെലവിൽ 8 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതോടെ കാൽനടയായി പോലും സഞ്ചരിക്കാനാൻ കഴിയാത്ത നിലയിലാണ്.
തകഴി ഗവ.ആശുപത്രിക്കു മുന്നിൽ നടന്ന സമരം ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ: ദിലീപ് ചെറിയനാട് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കരുമാടി മോഹനൻ അദ്ധ്യക്ഷനായി. ഗൾഫ് റിട്ടേൺഡ് ആന്റ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ശശിധരൻ, ജില്ലാ സെക്രട്ടറി ടി. സുരേഷ്, ട്രഷറർ ചമ്പക്കുളം രാധാകൃഷ്ണൻ ,ജയകേരള മുഖ്യ കാര്യ ദർശി കെ.സോമൻ, കരുമാടിക്കുട്ടൻസ് സെക്രട്ടറി ഷാജി കരുമാടി, ടാഗോർ കലാ കേന്ദ്രം പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി വി.ശ്യാംകുമാർ, തകഴി വികസന സമിതി സെക്രട്ടറി ബൈജു നാറാണത്ത്, കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് കുസുമം സോമൻ, ജയകേരള സെക്രട്ടറി ബി.ബാബുരാജ്, എസ്.മതി കുമാർ എന്നിവർ പ്രസംഗിച്ചു.