മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലം ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ദേവീ ഭാഗവത നവാഹയഞ്ജവും നൃത്തസംഗീതോത്സവവും ദശഭാവ ചാർത്തും നാളെ മുതൽ ഒക്ടോബർ 2 വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന യജ്ഞത്തിന്റെ സഹകാർമികത്വം മേൽശാന്തി കിഴക്കേപ്പള്ളത്തില്ലത്ത് നാരായണൻ നമ്പൂതിരി നിർവഹിക്കും. കരുനാഗപ്പള്ളി ചെറുവള്ളി ഇല്ലം ജയശങ്കരൻ നമ്പൂതിരി യജ്ഞാചാര്യനും എ.ബി.മഹാദേവൻ കാവുങ്കൽ, പഞ്ചമൻ തിരുവിഴ, അശോകൻ ചെങ്ങണ്ട എന്നിവർ യജ്ഞപൗരാണികരുമാവും. നാളെ രാവിലെ 6 ന് ഭദ്രദീപ പ്രതിഷ്ഠയും കുങ്കുമകലശപൂജയും പ്രതിഷ്ഠയും നടക്കും. 26 ന് രാവിലെ 10.30 ന് പാർവ്വതി സ്വയംവരം, സ്വയംവരഘോഷയാത്ര തേവരിക്കൽ മഹാദേവ ക്ഷേത്രത്തിൽന്നിന്ന് ആരംഭിക്കും. 29 ന് 4 ന് അവഭൃഥസ്നാനവും 6 ന് കുങ്കുമകലശാഭിഷേകംവും ദീപാരധനയക്കുശേഷം പൂജവയ്പ്പും ഉണ്ടായിരിക്കും. 30 ന് ദുർഗ്ഗാഷ്ടമി, ഒക്ടോബർ1 ന് മഹാനവമി, 2 ന് വിജയദശമി ദിനത്തിൽ രാവിലെ 6ന് പൂജയെടുപ്പും തുടർന്ന് സംഗീതാർച്ചനയും. അപൂർവമായി ഭഗവതി ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്ന ദശഭാവ ചാർത്ത് മഹാനവരാത്രി നാളിൽ പാട്ടമ്പലം ഭഗവതി ക്ഷേത്രത്തിൽ നടത്തും. സെപ്തംബർ 23 മുതൽ ഒക്ടോബർ 2 വരെ എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ ദേവിഭാവചാർത്ത് ദർശനവും തുടർന്ന് ഭാവചാർത്തോടുകൂടിയ വിശേഷാൽ ദീപാരാധനയും നടക്കും. സെപ്തംബർ 21 മുതൽ വൈകിട്ട് 7.30 മുതൽ ഭക്തിഗാനമേള, സംഗീത സദസ്, കഥകളി നൃത്തനൃത്യങ്ങൾ എന്നീ കലാപരിപാടികളും നടത്തപ്പെടും. വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ ക്ഷേത്രത്തിൽ ദേവീ സമക്ഷം ന്നടക്കുന്ന സംഗീതാർച്ചനയിൽ എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, സെക്രട്ടറി എ.മഹേശ്വര കുമാർ സുരഭി, കൺവീനർ രഘുനാഥ്.എസ് വല്ലൂർ, കമ്മറ്റിയംഗങ്ങളായ അജേഷ് മാഞ്ഞുവിളയിൽ, അജീഷ് വാതല്ലൂർ വടക്കേതിൽ, വൈശാഖ് അരുൺ ഭവനം, ജയപ്രകാശ് ദേവികൃപ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.