
തുറവൂർ : ഉദ്ഘാടനം കഴിഞ്ഞ് നാലരവർഷം പിന്നിട്ടിട്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ തഴുപ്പിലെ വിനോദസഞ്ചാര പദ്ധതി നശിക്കുന്നു. ഒന്നരക്കോടി രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.
ഇവിടെ ഇപ്പോൾ സാമൂഹ്യവിരുദ്ധരും മദ്യപാനികളും താവളമാക്കിയിരിക്കുകയാണ്. തഴുപ്പ് നിവാസികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 'അരൂരിന്റെ ഐശ്വര്യം 'പദ്ധതിയിലാണ് ഒന്നരക്കോടി രൂപ അനുവദിച്ചത്. 2007ൽ എ.എം.ആരിഫ് എം.എൽ.എ ആയിരുന്ന കാലത്ത് തദ്ദേശ ഭരണസമിതി അംഗങ്ങളെ ഉൾപ്പെടുത്തി കൂടിയ സംയുക്ത യോഗത്തിലായിരുന്നു തഴുപ്പിന്റെ ടൂറിസ്റ്റ് വികസന സാദ്ധ്യതകൾ ചർച്ച ചെയ്തതും പദ്ധതിക്ക് രൂപം നൽകിയതും.
2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ പാർക്ക്, കോഫി ഷോപ്പ്, വിശ്രമിക്കാനും കായൽ കാഴ്ചകൾ ആസ്വദിക്കാനും പ്രത്യേക ഇടം തുടങ്ങിയവയാണ് ഒരുക്കിയത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് മേൽനോട്ടച്ചുമതല.
ഇപ്പോൾ പകൽ സമയങ്ങളിൽപ്പോലും മദ്യപസംഘങ്ങൾ ഇവിടെ വിഹരിക്കുകയാണ്. കുട്ടികൾക്കായി നിർമ്മിച്ച പാർക്ക് കാടുകയറിയ നിലയിലാണ്. ഗേറ്റിന് മുൻവശം ജപ്പാൻ കുടിവെള്ളപൈപ്പ് പൊട്ടി പ്രദേശം മുഴുവൻ വെള്ളക്കെട്ടാണ്. പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞു, പാർക്ക് കാടുകയറി
വിവിധ ഇടങ്ങളിൽ നിന്ന് കായൽ,റോഡ് ,ട്രെയിൻ മാർഗം സഞ്ചാരികൾക്ക് എത്താനും സമയം ചെലവഴിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്
എന്നാൽ ഇങ്ങോട്ടുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്
റെയിൽപാതയ്ക്ക് അരികിൽ കൂടി പുല്ലുവേലി തോടുമായി ബന്ധിച്ചു കാന പണിയണമെന്ന് ആവശ്യം വളരെ നാളായി ജനങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്
നിലവിലുണ്ടായിരുന്ന റോഡുമുറിച്ചാണ് റെയിൽപ്പാത നിർമ്മിച്ചത്. ഒരുഭാഗത്ത് മാത്രം റോഡ് നിർമ്മിച്ചു നൽകിയ റെയിൽവേ മറുഭാഗത്ത് സഞ്ചാരസൗകര്യം ഇല്ലാതാക്കി
റെയിൽപ്പാപാത ഇരട്ടിപ്പിക്കുമ്പോൾ രണ്ടുഭാഗത്തും റോഡ് സൗകര്യം ഒരുക്കി തോടിന് സമീപത്തുകൂടി അണ്ടർ പാസ് നിർമ്മിക്കണം
- നാട്ടുകാർ