xdgvcfhb

മുഹമ്മ: വീടിനും സ്കൂളിനുമപ്പുറം ഒരു ലോകമുണ്ടന്നും അത് തങ്ങളുടേത് കൂടിയാണന്ന് തിരിച്ചറിയുകയായിരുന്നു കഞ്ഞിക്കുഴിയിലെ ഒരു കൂട്ടം കുരുന്ന് യാത്രക്കാർ. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കായി പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്നേഹദീപം ബഡ്സ് സ്കൂളാണ് പഞ്ചായത്തിന്റെ സഹായത്തോടെ വിനോദ യാത്ര ഒരുക്കിയത്. ചുവരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിപ്പോയ അവരുടെ ജീവിതത്തിൽ ഉല്ലാസം നിറച്ചതായിരുന്നു വിനോദയാത്ര,അതും വാഗമണ്ണിന്റെ മനോഹാരിതയിലേക്ക്.

ബഡ്സ് സ്കൂളിലെ ഇരുപത്തിയെട്ട് കുട്ടികളാണ് സന്തോഷ യാത്രയിൽ പങ്കാളികളായത്.

രക്ഷകർത്താക്കളും അദ്ധ്യാപകരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളും കൂടെ ചേർന്നപ്പോൾ മറക്കാനാവാത്ത അനുഭവവും നിമിഷങ്ങളുമായിരുന്നു യാത്ര കുഞ്ഞുങ്ങൾക്ക് നൽകിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ചിത്ത്, പഞ്ചായതംഗങ്ങളായ ഫെയ്സി വി. ഏറനാട്, സി. ദീപുമോൻ, എസ്.ജോഷിമോൻ എന്നിവർ തിരക്കുകളെല്ലാം

മാറ്റിവച്ച് ഒപ്പം ചേർന്നതോടെ യാത്ര അടിപൊളിയായി.

കുടുംബശ്രീ സി.സി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ, വൈസ് ചെയർ പേഴ്സൻ റജി പുഷ്പാംഗദൻ, ചാർജ് ഓഫീസറും പഞ്ചായത്ത് അസിസ്റ്റന്റുമായ സെക്രട്ടറി പി.രാജീവ്, സ്കൂൾ പ്രിൻസിപ്പാൾ രാധിക എന്നിവർ വിനോദ യാത്രയ്ക്ക് നേതൃത്വം നൽകി.