
മാന്നാർ : നാട്ടുകാർക്ക് ആശ്വാസമായി മാന്നാർ ആലുമ്മൂട് ജംഗ്ഷൻ - ഇരമത്തൂർ വഴിയമ്പലം റോഡ് ടാറിംഗ് തുടങ്ങി. നവീകരണത്തിനായി റോഡ് പൊളിച്ച് മെറ്റൽ നിരത്തിയിട്ടിരുന്നതിനാൽ എട്ടുമാസമായി ഇതുവഴിയുള്ള യാത്ര ദുരിതത്തിലായിരുന്നു.
മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിലെ ആലുമ്മൂട് ജംഗ്ഷനിൽ നിന്ന് മാന്നാർ - ചെന്നിത്തല - തട്ടാരമ്പലം റോഡിലെ വഴിയമ്പലം ജംഗ്ഷനിൽ എത്തുന്ന പ്രധാന റോഡിന്റെ ദുരവസ്ഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്ത് വിഭാഗം വേഗത്തിൽ നടപടികൾ കൈക്കൊള്ളുകയായിരുന്നു.
ബുധനാഴ്ച ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും മഴയെ തുടർന്ന് ജോലികൾ തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് ടാറിംഗ് പുനരാരംഭിച്ചത്. ആലുമ്മൂട് ജംഗ്ഷൻ മുതൽ ഇരമത്തൂർ വഴിയമ്പലം വരെയുള്ള ഭാഗത്തെ റോഡിന്റെ ടാറിംഗ് ഇന്ന് കൊണ്ട് പൂർത്തിയാകുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ റോഡിന് അനുബന്ധമായുള്ള പാട്ടമ്പലം - കുട്ടമ്പേരൂർ റോഡിനെ ബന്ധിപ്പിക്കുന്ന ഭാഗത്തെ 800 മീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. വഴിയമ്പലം മുതൽ കുരട്ടിശ്ശേരിപുഞ്ച വരെയുള്ള ഭാഗം നവീകരണം പിന്നീട് പൂർത്തീകരിക്കും.2021 - 22 ശബരി പദ്ധതിയിൽ ഉൾപ്പെടുത്തി 2.30 കോടി രൂപ എസ്റ്റിമേറ്റിൽ 2022 ലാണ് കരാർ നടപടികൾ പൂർത്തിയായത്.
റോഡിന്റെ ദൈർഘ്യം
2.65 കി.മീ
എട്ടുമാസം നീണ്ട യാത്രാദുരിതത്തിന് പരിഹാരം
1 .റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി 8 മാസം മുമ്പാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു റോഡ് പൊളിച്ചത്
2. പിന്നീട് മെറ്റലും പാറപ്പൊടിയുമിട്ട് ഉയർത്തിയെങ്കിലും ടാറിംഗ് ജോലികൾ നടന്നില്ല
3. റോഡ് പൊളിച്ചിട്ടതോടെ മഴ സമയത്ത് റോഡാകെ ചെളിക്കുണ്ടാകും. വെയിൽ സമയത്ത് പൊടിശല്യവും ദുരിതമുണ്ടാക്കും
4.ജലജീവൻ പദ്ധതിയിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതോടെ റോഡിന്റെ നവീകരണ ജോലികൾ നീണ്ടു പോവുകയാിരുന്നു