ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളുടെ സംയുക്ത നേതൃത്വത്തിൽ 21ന് ശ്രീനാരായണഗുരുദേവന്റെ 98ാം സമാധിദിനം ആചരിക്കും. സാംസ്‌കാരിക സമ്മേളനവും മെരിറ്റ് അവാർഡ് വിതരണവുമായാണ് സമാധിദിനം ആചരിക്കുന്നത്.മുൻ കാലങ്ങളിലേക്കാൾ മികവോടെയുള്ള സമാധിദിനാചരണത്തിനു ഒരുക്കങ്ങളായതായി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എം.അജിത, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രജനി രവീന്ദ്രൻ,വി.എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപിക എസ്.സുജിഷ, ഗേൾസ് ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപിക കെ.പി.ഷീബ, ജനറൽ കൺവീനർ ബാബുരാമചന്ദ്രൻ,പി.കെ.മനോജ്,പി.കെ. രാമകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂളുകളിൽ നിന്നും ഉന്നതവിജയം നേടിയവർക്ക് സ്വർണമെഡലടക്കം 200 ഓളം പുരസ്‌കാരങ്ങളാണ് സമ്മേളനത്തിൽ നൽകുന്നത്.ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പളളി നടേശൻ അദ്ധ്യക്ഷനാകും. പ്രഭാഷകൻ വി.കെ.സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തും.ഹയർസെക്കൻഡറി റിട്ട.റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ സമാധിദിന സന്ദേശം നൽകും.