
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ എൻഡോസ്കോപ്പി പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞമാസം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്ത എൻഡോസ്കോപ്പിയുടെ പ്രവർത്തനം, ജീവനക്കാർക്ക് പരിശീലനം നൽകിയതോടെയാണ് സജ്ജമായത്. ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നുപേരെയാണ് ഇന്നലെ എൻഡോസ്കോപ്പി പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരുദിവസം അഞ്ചുപേരെ വരെ എൻഡോസ്കോപ്പി ചെയ്യാം. എൻഡോസ്കോപ്പി വഴി അന്നനാളത്തിലെയും ആമാശയത്തിലെയും കാൻസർ കണ്ടുപിടിച്ച് നേരത്തെ തന്നെ ചികിത്സ ആരംഭിച്ച് സുഖപ്പെടുത്താൻ സാധിക്കും.
എല്ലാ വെള്ളിയാഴ്ച്ചകളിലുമാണ് പരിശോധന. ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു പതിവ്.
ആലപ്പുഴ നഗരസഭ അനുവദിച്ച മുപ്പത്തിയേഴ് ലക്ഷത്തി അറുപത്തി എണ്ണായിരം രൂപ വിനിയോഗിച്ചാണ് എൻഡോസ്കോപ്പി, കോൾനോസ്കോപ്പി, പ്രോസസർ എന്നിവ വാങ്ങിയത്.
കോളനോസ്കോപ്പി ഉടൻ
സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം രണ്ടാംഘട്ടം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഒന്നര മാസത്തിനുള്ളിൽ കോളനോസ്കോപ്പിയുടെ പ്രവർത്തനവും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.വൻകുടലിലെ കാൻസർ കോളനോസ്കോപ്പി വഴി കണ്ടെത്താൻ സാധിക്കും. ജില്ലയിൽ ജനറൽ ആശുപത്രിയിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.
എൻഡോസ്കോപ്പി നിരക്ക്
എ.പി.എൽ: 400 രൂപ
ബി.പി.എൽ : 300 രൂപ
ഒന്നര മാസത്തിനുള്ളിൽ കോളനോസ്കോപ്പിയുടെ പ്രവർത്തനം ആരംഭിക്കും
-ഡോ.ആർ.സന്ധ്യ, സൂപ്രണ്ട്, ആലപ്പുഴ ജനറൽ ആശുപത്രി