
തുറവൂർ:ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐ.എസ്.ഒ അംഗീകാരം കുത്തിയതോട് സ്റ്റേഷൻ സ്വന്തമാക്കി. ഈ അംഗീകാരം നേടിയ ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട് പൊലീസ് സ്റ്റേഷൻ.ആദ്യം അർത്തുങ്കൽ പൊലീസ് സ്റ്റേഷനാണ് ലഭിച്ചത്. സേവനവും സൗകര്യവും മികച്ചതാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.ആറു മാസത്തെ നീണ്ട പരിശ്രമമാണ് നേട്ടത്തിന് പിന്നിൽ.ബി.ഐ.എസ് ദക്ഷിണമേഖല ഓഫീസിലെ സംഘം സ്റ്റേഷൻ സന്ദർശിച്ച് നല്കിയ മാർഗ നിർദ്ദേശം അനുസരിച്ചാണ് മികച്ച സേവനവും,സൗകര്യവും ഉറപ്പാക്കിയത് .ജില്ല പൊലീസ് മേധാവി മോഹനചന്ദ്രൻനായരുടെ പിന്തുണയോടെ ചേർത്തല എ.എസ്.പി ഹരീഷ് ജെയിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.അജയ മോഹൻ,പൊലീസ് സബ് ഇൻസ്‌പെക്ടർ രാജീവ്,സി.സി.സലി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ കൈകോർത്താണ് സ്റ്റേഷൻ പ്രവർത്തനം ഉന്നത നിലവാരത്തിലെത്തിച്ചത്. ഇന്ന് രാവിലെ 11ന് സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ദലീമ ജോജോ എം.എൽ.എ,ഉന്നത പൊലീസ് അധികാരികളും പങ്കെടുക്കും. ചടങ്ങിൽബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ബി.ഐ.എസ് പ്രതിനിധി കൈമാറും.