മാവേലിക്കര : ഭണിക്കാവ് ദേവീക്ഷേത്രത്തിലെ രണ്ടാമത് ദേവീഭാഗവത നവാഹയഞ്ജത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. 30 വരെ നടക്കും. ഭാഗവതാചാര്യൻ നീലംപേരൂർ പുരുഷോത്തമദാസാണ് യജ്ഞാചാര്യൻ. നവാഹയഞ്ജത്തിന്റെഭദ്രദീപ പ്രതിഷ്ഠ ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നിർവ്വഹിച്ചു. യജ്ഞശാലയിൽ ദിവസവും ഗണപതി ഹോമം, സൂക്തജനങ്ങൾ, ചണ്ഡികാ ഹവനം, ലളിതാസഹസ്രനാമജപം, വൈകിട്ട് നാമസങ്കീർത്തനം, ആത്മീയ പ്രഭാഷണം എന്നിവ നടക്കും. യജ്ഞത്തിന്റെ അഞ്ചാം ദിവസം വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന, ആറാം ദിവസം 11.30ന് പാർവതി പരിണയ ഘോഷയാത്രയും പാർവ്വതി പരിണയവും നടക്കും. യജ്ഞശാലയിൽ സ്വയംവരാർച്ചന, ഉമാ മഹേശ്വര മന്ത്രാർച്ചന, പുടവ സമർപ്പണം എന്നീ വഴിപാടുകൾ നടക്കും. ഏഴാം ദിവസം രാവിലെ 9 മുതൽ മൃത്യുഞ്ജയഹവനം, എട്ടാം ദിവസം 9ന് ഗായത്രി ഹവനം എന്നിവ നടക്കും. യജ്ഞത്തിന്റെ സമാപന ദിവസമായ 30ന് ഉച്ചക്ക് 12 മുതൽ മഹാപ്രസാദ് മൂട്ടും വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്രയും നടക്കും.

ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കോട്ടയിൽ മഠം ക്ഷേത്ര കടവിലെ സ്നാനത്തിനു ശേഷം കറ്റാനം വഴി വടക്കോട്ട് ഭരണിക്കാവ് വടക്കേ ആൽത്തറ ജംഗ്ഷനിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതിനുശേഷം കുങ്കുമ കലശാഭിഷേകം, പ്രസാദവിതരണം, യജ്ഞ സമർപ്പണം, മഹാദക്ഷിണ ഭദ്രദീപഉദ്വാസനം, ദീപം ശ്രീകോവിലേക്ക് തിരിച്ചെഴുന്നള്ളിച്ച് ദീപാരാധന എന്നീ ചടങ്ങുകളോട് സമാപിക്കും.നവരാത്രി മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ഇന്ന് ഭജൻസ്, നാളെ സംഗീത സദസ്, നാലാം ദിവസം ഭക്തിഗാനസുധ, അഞ്ചാം ദിവസം നൃത്തസന്ധ്യ, ആറാം ദിവസം നൃത്തരാവ്, ഏഴാം ദിവസം നൃത്താർപ്പണം, എട്ടാം ദിവസം സംഗീതാർച്ചന ഒമ്പതാം ദിവസം വിൽപ്പാട്ട് എന്നിവ നടക്കും. മഹാനവമി ദിനമായ 1ന് ഭരതനാട്യ അരങ്ങേറ്റം, വിജയദശമി ദിനമായ 2ന് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം നടക്കുമെന്ന് നവാഹസമിതി രക്ഷാധികാരി സാജൻ കുന്നേൽ, ഭരണിക്കാവ് ദേവസ്വം പ്രസിഡന്റ് എം.സി.രഘുനാഥ്, സെക്രട്ടറി കെ.എസ് വിജയകുമാർ, വിവിധ സബ് കമ്മറ്റി കൺവീനർമാരായ കെ.രഘുകുമാർ, എസ്.ഹരികുമാർ, വി.കെ മോഹനൻ, കെ.എസ് കല്യാണകൃഷ്ണപണിക്കർ, പി.ജെ പുരുഷോത്തമൻ പിള്ള, എ.ഗോപകുമാർ, പ്രഭുകുമാരപിളള , ജി.ജയകുമാർ എന്നിവർ അറിയിച്ചു.