
ചാരുംമൂട് : കൊല്ലം - തേനി ദേശീയ പാതയിലെ ഗുരുനാഥൻ കുളങ്ങര വളവിൽ വെഹിക്കിൾ വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു . പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങാതെ ഹൈവേ പുറംപോക്കും പഞ്ചായത്ത് പുറംപോക്കും കയ്യേറിയാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടർന്നു .
രാഷ്ട്രീയ നേതാക്കളുമായി ചേർന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ സ്വകാര്യ വ്യക്തി ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. അടിക്കടി അപകടങ്ങൾ നടക്കുന്ന 90 ഡിഗ്രി കൊടുംവളവുള്ള അപകടം നിറഞ്ഞ ഭാഗമാണ് ഇവിടം. വളവിനോട് ചേർന്നു നിൽക്കുന്ന വേ ബ്രിഡ്ജിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് കയറ്റാൻ കഴിയാത്തത് ഗതാഗതക്കുരുക്കിനും കാരണമാകും. ഇതിനോട് ചേർന്നുള്ള പഞ്ചായത്ത് കുളത്തിന്റെ ഇരുമ്പ് വേലി ഇടിച്ചു തകർത്തു ഒരു ലോറി അടുത്ത സമയത്ത് കുളത്തിൽ വീണിരുന്നു. കഴിഞ്ഞ 11നും ഇവിടെ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അന്ന് ഓട്ടോ ഡ്രൈവർ മരണപ്പെട്ടിരുന്നു.