
മുഹമ്മ: ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കാവുങ്കൽ കെ.പി.എം യു.പി സ്കൂളിന് സമീപത്തെ കൊടുംവളവിൽ അപകടം തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികൃതർ. ചേർത്തല താലൂക്കിന്റെ തെക്കേ അതിർത്തിയായ പി.കെ കവലയ്ക്ക് സമീപത്തെ കലുങ്ക് മുതൽ കാർമ്മൽ ജംഗ്ഷൻ വരെ അഞ്ച് കൊടും വളവുകളാണുള്ളത്. ഇതിൽ സ്കൂളിന് സമീപത്തെ വളവാണ് അപകടക്കെണിയായിരിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തിയാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്.
തെക്ക് ഭാഗത്ത് നിന്ന് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോഴായിരിക്കും വളവ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. കൂടാതെ വളവിൽ നിന്ന് വടക്കോട്ടും ഒരുറോഡ് പോകുന്നുണ്ട്. ഇതുകാരണം ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിക്കുമ്പോൾ അടുത്തുള്ള വൈദ്യുത തൂണിലും മതിലിലും ഇടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
കളക്ടറുടെ ഉറപ്പും പാഴായി
# കുറഞ്ഞ കാലം കൊണ്ട് ചെറുതും വലുതുമായി ഇരുപതോളം അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഏതാനു പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല
# മകരം റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ജനകീയ സദസ് സംഘടിപ്പിക്കുകയും തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്കും കളക്ടർക്കും മുഖ്യമന്ത്രിയുടെ നവകേരള സദസിനും പരാതികൾ നൽകുകയും ചെയ്തു
# പഠന സംഘങ്ങൾ പലതവണ സ്ഥലം പരിശോധിക്കുകയും അപകടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ചുവന്ന ബ്ളിഗിംഗ് ലൈറ്റ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്