ambala

അമ്പലപ്പുഴ: ലോട്ടറി വിറ്റുകിട്ടിയ പണം നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വിൽപ്പനക്കാന് പുതുജീവൻ നൽകി ബ്രദർ മാത്യു ആൽബിൻ. പകൽ ലോട്ടറി വിൽപ്പന നടത്തിയും കളർകോട് കടത്തിണ്ണയിൽ അന്തിയുറങ്ങിയും കഴിഞ്ഞിരുന്ന രാജേന്ദ്രപ്രസാദിനാണ് (60) മാത്യു ആൽബിൻ സ്നേഹത്തണലായത്. മുടിയും താടിയും വളർത്തി പ്രാകൃത രൂപത്തിൽ നിൽക്കുന്നത് കണ്ട രാജേന്ദ്രപ്രസാദിനോട് അതുവഴി വന്ന ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിവരങ്ങൾ തിരക്കുകയായിരുന്നു.

ആരുമില്ലെന്നും അനാഥനാണെന്നും അറിഞ്ഞപ്പോൾ അയാളെ ശാന്തി ഭവനിലെത്തിച്ചു. മുടിയും താടിയും വൃത്തിയാക്കി പുതുവസ്ത്രവും ആഹാരവും നൽകി.

ലോട്ടറി വിറ്റ് ജീവിക്കാനാണ് താൽപ്പര്യമെന്ന് ഇയാൾ പറഞ്ഞതോടെ,​ ഒരാഴ്ചത്തേക്കുള്ള ലോട്ടറിയും വാങ്ങി നൽകി പറഞ്ഞ‍യച്ചു. ശാന്തി ഭവനിൽ രാത്രി കഴിയാമെന്നും രാവിലെ ലോട്ടറി വിൽപ്പനക്ക് ഇവിടെ നിന്ന് പോകുമെന്നും രാജേന്ദ്രപ്രസാദ് സമ്മതിച്ചു. ശാന്തി ഭവനിലെ മാനസിക വിഭാഗം ഡോ.ഡാനി വിൻസന്റ് പരിശോധിച്ച ശേഷമാണ് രാജേന്ദ്രപ്രസാദിനെ

ലോട്ടറി വിൽപ്പനക്കായി അയച്ചത്. ഒരു ദുശീലവുമില്ലാത്തതിനാലാണ് രാജേന്ദ്രപ്രസാദിനെ സഹായിച്ചതെന്നും എല്ലാവരും ലോട്ടറി വാങ്ങി പ്രോത്സാഹിപ്പിക്കണമെന്നും ബ്രദർ മാത്യു ആൽബിൻ പറഞ്ഞു.