ആലപ്പുഴ: ജില്ലാ കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസനസമിതി നിർദ്ദേശിച്ചു. തഹസിൽദാർ എസ്.അൻവറിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കപ്പൽ അപകടവുമായി ബന്ധപ്പെട്ട് വല നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് നടപടി ഉണ്ടാകണമെന്നും ആവശ്യമുയർന്നു.മസ്തിഷ്‌കജ്വരം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആലപ്പുഴ-ചേർത്തല കനാലിൽ പായൽ നീക്കി മത്സ്യകൃഷി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. യോഗത്തിൽ അഡ്വ.സനൽകുമാർ, പി.ജെ.കുര്യൻ, എം.ഇ.നിസാർ അഹമ്മദ്, ജോസി ആന്റണി, തോമസ് കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.