kc-venugopal

ആലപ്പുഴ: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം തിരിച്ചറിയാൻ സ്‌ക്രീനിംഗ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെ.സി. വേണുഗോപാൽ എം.പി അഭിപ്രായപ്പെട്ടു. സ്വസ്ഥ് നാരി സശക്ത് പരിവാർ പക്ഷാചരണത്തിന്റെയും സ്ത്രീ ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ക്ഷയരോഗമുക്ത ആലപ്പുഴയ്ക്കായി സി.എസ്.ആർ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ച കൊച്ചി കപ്പൽശാലയ്ക്ക് നിക്ഷയ് മിത്ര സർട്ടിഫിക്കറ്റ് എം.പി. സമ്മാനിച്ചു. മാർച്ച് എട്ടുവരെ നടക്കുന്ന സ്ത്രീ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകൾക്കായി ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം അയൽക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകളും വിദഗ്ദ്ധ പരിശോധനകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. കൊച്ചിൻ കപ്പൽശാല ജില്ലയ്ക്ക് അനുവദിച്ച ക്ഷയരോഗ പരിശോധനയ്ക്കുള്ള ട്രൂനാറ്റ് മെഷീൻ കൊച്ചിൻ ഷിപ്യാഡ് സി.എസ്.ആർ വിഭാഗം മേധാവി സമ്പത്ത് കുമാറിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അനു വർഗീസ് ഏറ്റുവാങ്ങി. ക്ഷയരോഗികൾക്കുള്ള പോഷഹാകാര കിറ്റിന്റെ വിതരണം എ.ഡി.എം. ആശ സി. എബ്രഹാം നിർവഹിച്ചു. ആലപ്പുഴ നഗരസഭാംഗം സിമി ഷാഫിഖാൻ സ്ത്രീ കാമ്പയിൻ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. ജില്ല ടി.ബി ഓഫീസർ ഡോ.എം.അനന്ത്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.കോശി സി. പണിക്കർ, ഡോ.പാർവതി പ്രസാദ്, ഡോ.ഐ.ചിത്ര, ഡോ.ആർ.സേതുനാഥ് എന്നിവർ പങ്കെടുത്തു. സ്‌ക്രീനിംഗ് ക്യാമ്പിൽ 154 പേർ പങ്കെടുത്തു.