കായംകുളം : കായംകുളത്ത് ഗവ.ഐ.ടി.ഐയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ രംഗത്ത്. ഐ.ടി.ഐയ്ക്കും സ്റ്റേഡിയത്തിനും ഒന്നിച്ച് സ്ഥലം ഏറ്റെടുവുവാനുള്ള പദ്ധതി അട്ടിമറിച്ച് ഐ.ടി.ഐയ്ക്ക് മാത്രം സ്ഥലം ഏറ്റെടുക്കുവാനുള്ള നീക്കവും ഏറ്റെടുക്കുന്ന വസ്തുവിന് വഴിയില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ എതിർപ്പ്.
യു.ഡി.എഫ് ഭരണകാലത്ത് നിർദ്ദിഷ്ഠ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി കളക്ടറുടെ വർക്ക് ഡെപ്പോസിറ്റിൽ മൂന്നര കോടി രൂപ അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി കായംകുളം നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതി ഈ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒന്നും ചെയ്തില്ലന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. കാലാവധി തീരുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കഴിഞ്ഞദിവസം ഐ.ടി.ഐക്ക് മാത്രം സ്ഥലം ഏറ്റെടുക്കാൻ വേണ്ടി കൗൺസിലിൽ അജണ്ട കൊണ്ടുവന്നു. ഏറ്റെടുക്കുവാൻ തീരുമാനിച്ച വസ്തു വഴി സൗകര്യം ഇല്ലാത്തതാണ്. നിയമപരമായി ഇങ്ങനെയൊരു വസ്തു ഏറ്റെടുക്കുവാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഭരണസമിതി അജണ്ട കൗൺസിലിൽ വെച്ചതെന്നും യു.ഡി.എഫ് ആരോപിച്ചു. തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ. കെ. പുഷ്പദാസ്, എ.ജെ.ഷാജഹാൻ, എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ബിദു രാഘവൻ, പി.സി.റോയി, ആർ.സുമിത്രൻ, അൻസാരി കോയിക്കലേത്ത്, ഗീത.പി, അഡ്വ.അൻഷാദ് വാഹിദ്, അംബിക.ആർ, മിനി സാമുവൽ, ഷൈനി ഷിബു, ലേഖ സോമരാജൻ എന്നിവർ പറഞ്ഞു.
യു.ഡി.എഫ് നടപടി പ്രതിഷേധാർഹം : ചെയർപേഴ്സൺ
ഐ.റ്റി.ഐക്ക് സ്ഥലം വാങ്ങുന്നതിനെ ഒരു വിഭാഗം യു.ഡി.എഫ് കൗൺസിലർ എതിർത്തത് പ്രതിഷേധാർഹമാണെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.
ഗവ.ഐ.ടി.ഐ കായംകുളത്തിന് അനുവദിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. കെട്ടിടം നിർമ്മിക്കാൻ സ്ഥലം നഗരസഭ വാങ്ങി നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഇവിടെ ഐ.ടി.ഐ അനുവദിച്ചത്. ദീർഘ നാളത്തെ പരിശ്രമത്തിനൊടുവിലാണ് വെട്ടത്തേത്തു വയലിൽ സ്ഥലം കണ്ടെത്തിയത്. ഐ റ്റി ഐ ക്കും സ്റ്റേഡിയത്തിനും ഒന്നിച്ചുള്ള നിർദേശമാണ് അന്നത്തെ കൗൺസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിരവധി കാരണങ്ങളാൽ ഭൂമി ഏറ്റെടുക്കാൻ കഴിയാതെ വന്നു.
ഇതോടെയാണ് ഐ.ടി.ഐക്കും സ്റ്റേഡിയത്തിനുമുള്ള സ്ഥലം വേർതിരിച്ചു വാങ്ങാൻ തീരുമാനിച്ചത്. ഈ സന്ദർഭത്തിലാണ് ഇവിടേയ്ക്ക് വഴിയില്ല എന്ന പ്രശ്നം മനസ്സിലാക്കിയത്. തുടർന്നു പരിസരത്തുള്ള വസ്തു ഉടമകളുമായി ബന്ധപ്പെട്ട് വഴിക്കുള്ള സ്ഥലവും ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന്റെ വില തീരുമാനിച്ചു ലഭിക്കുകയും ചെയ്തു. 2014-15 ൽ സ്ഥലം വാങ്ങാൻ കളക്ടർ ഫണ്ടിൽ ഡെപ്പോസിറ്റ് ചെയ്തിരുന്ന എഴുത്തിയഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടുന്നതിനുള്ള എല്ലാ തടസങ്ങളും മാറ്റുന്നതിനു നിരന്തരം ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ തുക ലഭ്യമാക്കുകയും ചെയ്തു. നിരവധി കടമ്പകൾ കടന്നാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും പി .ശികല പറഞ്ഞു.