ആലപ്പുഴ: റോഡരികിലെ കൈയേറ്റങ്ങളും കൂട്ടിയിട്ടിരിക്കുന്ന കെട്ടിട അവശിഷ്ടങ്ങളും യാത്രക്കാർക്ക് ഭീഷണിയാകുന്നു.കൈതവന -കല്ലുപാലം റോഡിന്റെ ഇരുവശങ്ങളിലുമാണ് റോഡും കെട്ടിടങ്ങളും പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കുന്നുകൂട്ടിയിരിക്കുന്നത്. വീടുകളുടെ മതിലിനോട് ചേർന്ന് മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് വേസ്റ്റും കരിങ്കല്ലും ചെളിയുമുൾപ്പെടെയുള്ള കൂനകൾ ഇഴജന്തുക്കളുടെ വാസസ്ഥലമാണ്.പലയിടത്തും ആളുകൾ ഇവിടങ്ങളിൽ മാലിന്യങ്ങൾ തള്ളാനും ആരംഭിച്ചിട്ടുണ്ട്.

അഞ്ചുവർഷം മുമ്പ് നഗരപാതകളെ യോജിപ്പിച്ച് നടത്തിയ റോഡ് നിർമാണത്തെ തുടർന്നുണ്ടായ അവശിഷ്ട‌ങ്ങളാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പുറമേ റോഡരിക് കൈയേറിയുളള നിർമ്മാണങ്ങളും വ്യാപകമാണ്. നിരത്തുവക്കിലെ മാലിന്യക്കൂനകളും കൈയേറ്റങ്ങളും ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

....

# നിരത്ത് കൈയേറി വ്യാപാരികൾ

റോഡ് പൊളിച്ചതിന്റെ ടാറും മെറ്റലും ചേർന്ന പാളികൾ, ഓടയും കലുങ്കും പൊളിച്ചതിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ, കരിങ്കല്ല്, പൊട്ടിയതും കാലപ്പഴക്കമുള്ളതുമായ സ്ളാബുകൾ തുടങ്ങിയ അവശിഷ്ടങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിന് തെക്കുവശം മുതൽ വില്ലേജ് ഓഫീസ് വരെയും പഴവീട് ആൽത്തറയ്ക്ക് വടക്കുവശവും റോഡിന്റെ ഇരുവശങ്ങളും കെട്ടിട അവശിഷ്ടങ്ങളുടെ കൂനകളാണ് .

ഗതാഗതതിരക്കേറിയ ഇവിടെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഒഴിഞ്ഞുനിൽക്കാനോ പോലും ഇടമില്ല സ്ഥിതിയാണ്.