
ചേർത്തല: എസ്.എൻ.ഡി.പിയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ശ്രീനാരായണഗുരുദേവന്റെ 98-ാം സമാധിദിനം ആചരിച്ചു. ഗുരുപൂജയും സമൂഹ പ്രാർത്ഥനയും അനുസ്മരണ സമ്മേളനങ്ങളും മൗനജാഥകളും നടത്തിയായിരുന്നു സമാധി ദിനാചരണം. ആയിരങ്ങൾക്കാണ് വിവിധയിടങ്ങളിലായി അന്നദാനം നടത്തിയത്. ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളും താലൂക്ക് മഹാസസമാധിദിനാചരണകമ്മിറ്റിയും ചേർന്നുള്ള സ്‌കൂളിൽ സമാധിദിനാചരണം നടത്തി. ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് സി.കെ. ഷാജിമോഹൻ ദീപശിഖ താലൂക്ക സമാധിദിനാചരണ കമ്മിറ്റി ചെയർമാൻ സി.കെ.അജയഘോഷിന് കൈമാറി. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ നയിക്കുന്ന ദീപശിഖ റിലേ.
രണ്ടിന് സ്‌കൂളിൽ നടന്ന സമാധിദിന സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ.വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷനായി. ശക്തീശ്വരം ക്ഷേത്രം പ്രസിഡന്റ് അഡ്വ.സി.കെ. ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ പ്രിൻസിപ്പൽ ടി.ലേജുമോൾ,നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ,ടി.എസ്.അജയകുമാർ,എ.അജി, പ്രഥമാദ്ധ്യാപിക ഷൈജ, പി.ടി.എ പ്രസിഡന്റ് രാജു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പുഷ്പാർച്ചനയും സമാധി സമൂഹപ്രാർത്ഥനയും നഗരത്തിൽ മൗനജാഥയും നടത്തി.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ശ്രീനാരാണ വിശ്വധർമ്മ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. എല്ലാ എസ്.എൻ.ഡി.പി ശാഖകളിലും ഗുരുപൂജയും പ്രാർത്ഥനകളും മൗജാഥയും നടത്തി. നിരവധി കേന്ദ്രങ്ങളിലായാണ് അന്നദാനവും കഞ്ഞിവിതരണവും നടത്തിയത്.