ilampanam-thod

മാന്നാർ: അപ്പർകുട്ടനാടൻ മേഖലയിലെ ആയിരത്തഞ്ഞൂറോളം ഏക്കറുള്ള മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ പ്രധാന ജലസ്രോതസായ ഇലമ്പനംതോടിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പ്രതീക്ഷയർപ്പിച്ച് നെൽകർഷകർ. മാന്നാർ പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലൂടെ കടന്നു പോകുന്ന ഇലമ്പനം തോട്ടി​ൽ പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതോടെ നെൽകർഷകർ ഏറെ പ്രതിസന്ധിയിലായിരുന്നു. പമ്പാ നദിയിലെ വെള്ളം പാടത്തേക്ക് എത്തിക്കുന്നതും പുറത്തേക്ക് കളയുന്നതും ഈ തോട് വഴിയാണ്. വിഷവർശേരിക്കരയിലെ മൂർത്തിട്ടയിൽ തുടങ്ങി പാവുക്കരയുടെ മദ്ധ്യത്തിലൂടെ മുക്കാത്താരി, വള്ളവൻതിട്ട , വയരപ്പുറം പാലം, ചക്കിട്ടപ്പാലം, വാലയിൽപ്പടി വഴി അച്ചൻകോവിലാറിന്റെ കൈവഴിയിലൂടെ വള്ളക്കാലി പാലം കടന്നു പമ്പാനദിയിൽ പതിക്കുന്ന കൈവഴിയാണ് ഇലമ്പനം തോട്. 2023 ലെ സംസ്ഥാന ബഡ്ജറ്റിൽ ഇലമ്പനം തോട് നവീകരണത്തിന് രണ്ടുകോടി വകയിരുത്തിയെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച് മന്ത്രി സജിചെറിയാന്റെ ശ്രമഫലമായി ആദ്യഘട്ടമെന്ന നിലയിൽ ഇറിഗേഷൻ പദ്ധതിയിൽ അടിയന്തരമായി അനുവദിച്ച ഒരു കോടി രൂപയിൽ പായലും മാലിന്യങ്ങളും നീക്കി തോടിന്റെ ആഴം കൂട്ടുന്ന പ്രവർത്തികളാണ് നടക്കുന്നത്.

.............

#ആഴം കൂട്ടലും മാലിന്യം നീക്കലും

1. നിലവിൽ ചക്കിട്ടപ്പാലം മുതൽ മൂർത്തിട്ടവരെയും മുക്കത്താരി മുതൽ തൊഴിപ്പാട് വരെയും തൊഴിപ്പാട് മുതൽ മോട്ടോർ ഷെഡ് വരേയുമുള്ള തോട്ടിലെ പോളകൾ മുഴുവനായി നീക്കം ചെയ്തിട്ടുണ്ട്.

2. വള്ളക്കാലി പാലം മുതൽ ചക്കിട്ടപ്പാലം വരെ തോടിന്റെ ഡിസിൽറ്റേഷൻ പ്രവർത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. 3. മുക്കാത്താരി മുതൽ തൊഴിപ്പാടുവരെയും ക്കാത്താരി മുതൽ മൂർത്തിട്ടവരെയും ചക്കിട്ടപ്പാലം മുതൽ മുക്കാത്താരി വരെയുമുള്ള ഡിസിൽറ്റേഷൻ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കും.

.....................

"ഇലമ്പനം തോട്ടിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ തടസപ്പെട്ട നീരൊഴുക്ക് സുഗമമാകുകയും നെൽകർഷകരുടെ ജലസേചന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും. നിർമ്മാണത്തിലിരിക്കുന്ന മുക്കം - വാലേൽ ബണ്ട് റോഡും നിർമ്മാണ നടപടികൾ പൂർത്തിയായി വരുന്ന പാവുക്കര മൂർത്തിട്ട- മുക്കാത്താരി ബണ്ട് റോഡും യാഥാർത്ഥ്യമാകുന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയുടെ മുഖഛായ മാറും

-മന്ത്രി സജി ചെറിയാൻ