ആലപ്പുഴ​: അതിദരിദ്രരായ അഞ്ചുപേർക്ക്​ സ്ഥലംവാങ്ങിയതുമായി ബന്ധപ്പെട്ട്​ ആര്യാട്​ ഗ്രാമപഞ്ചായത്ത്​ ഫണ്ട്​ ദുരുപയോഗം നടത്തിയെന്ന്​​ കോൺഗ്രസ്​ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത്​ തനത്​ ഫണ്ട്​ രണ്ടുലക്ഷവും പ്ലാൻഫണ്ട്​ എട്ടുലക്ഷവും ചേർത്ത്​ 10 ലക്ഷംരൂപക്കാണ്​ ദരിദ്രകുടുംബത്തിൽപ്പെട്ട സുധർമ, നൗഷാദ്​, രത്തിനം, ഉദയമ്മ, ജോസഫ്​ ആന്റണി എന്നിവക്കായി മൂന്ന്​ സെന്റ്വീതം സ്ഥലം വാങ്ങിയത്. സെന്റിന് 32,000രൂപ വീതം വാങ്ങിയ സ്ഥലത്തിന്റ ആധാരം 66,666 രൂപക്കാണ് നടത്തിയത്. ഇതിലൂടെ മാത്രം 5,20,000 രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. വസ്തു അളന്ന് തിരിച്ച് കൊടുക്കുകയോ തീറാധാരങ്ങൾ ഗുണഭോക്താവിന് നൽകിയിട്ടുമില്ല. ഇതുസംബന്ധിച്ച് നിയമസഭ കമ്മിറ്റിക്ക് പരാതി നൽകും. പഞ്ചായത്ത് പ്രസിഡന്റ് അംഗമായ സ്റ്റിയറിംഗ് കമ്മിറ്റിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അംഗങ്ങളായ അഡ്വ. എം. രവീന്ദ്രദാസ്, എം. അനിൽകുമാർ, സിനിമോൾ ജോജി, മിനി ജോസഫ്, പ്രസീദ ബാബു, സിജി നവാസ്, ടി.ആർ. വിഷ്ണു എന്നിവർ പങ്കെടുത്തു.