
ഹരിപ്പാട് :നദീസംരക്ഷണത്തിന്റെ ഭാഗമായുള്ള പൈൽ ആൻഡ് സ്ളാബ് സ്ഥാപിക്കൽ സമീപത്തെ കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്നെന്ന പരാതിക്ക് പിന്നാലെ വീയപുരത്ത് റോഡും തകർന്നു. പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്നതിനിടെയാണ് വേലിയിൽപ്പടി ടാർ റോഡ് പിളർന്നത്.
വീയപുരം ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിന് പടിഞ്ഞാറുവശത്തെ അപ്രോച്ചു റോഡ് അവസാനിക്കുന്ന നദീതീരത്താണ് പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. അപ്രോച്ച് റോഡിനോട് ചേർന്നുള്ളതാണ് വേലിയിൽപ്പടി ടാർ റോഡ്. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രനും വൈസ് പ്രസിഡന്റ് പി.എ.ഷാനവാസും വാർഡ് മെമ്പർ എം.ജഗേഷും സന്ദർശിച്ചു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പആറിന്റെയും കൈവഴിയായ മങ്കോട്ട ആറിന്റേയും അച്ചൻകോവിലാറിന്റെയും ഇരുകരകളുടെയും സംരക്ഷണത്തിനായി 70 കോടി രൂപ വകയിരുത്തിയാണ് തീരസംരക്ഷണ പ്രവൃത്തികൾ നടത്തുന്നത്.
കെട്ടിടങ്ങൾക്കും ഭീഷണി
പൈൽ ആൻഡ് സ്ളാബ് സ്ഥാപിക്കുമ്പോൾ നദീതീരത്തെ കെട്ടിടങ്ങൾക്ക് ക്ഷതം ഏൽക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു
പരാതിയെ തുടർന്ന് ചിലയിവിടങ്ങളിൽ പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്ന പ്രവൃത്തി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു
ഇറിഗേഷൻ വകുപ്പ് ആണ് നദീതീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്
വീയപുരം പഞ്ചായത്തിലെ തുരുത്തേൽ കടവ് മുതൽ തോട്ടപ്പള്ളി വരെയാണ് നദികളുടെ ഇരുകരകളിലും പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്നത്
1.60മീറ്റർ നീളത്തിലുള്ള സ്ലാബ് യന്ത്രസഹായത്തോടെ അടിത്തട്ടിൽ സ്ഥാപിക്കുന്ന പ്രവൃത്തിയിൽ കെട്ടിടങ്ങൾക്ക് കുലുക്കവും പൊട്ടലും ഉണ്ടാകുന്നുണ്ട്. ഇപ്പോൾ റോഡും പിളർന്നു
- നാട്ടുകാർ