dgsdgxfdg

തുറവൂർ: സർക്കാർ സ്കൂളിലെ പൊളിഞ്ഞുവീഴാറായ കെട്ടിടം പുനർ നിർമ്മിക്കാതെ അധികൃതർ. പട്ടണക്കാട് എസ്.സി.യു ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജനകീയ അസൂത്രണ പദ്ധതി പ്രകാരം 25 വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടമാണ് എതുനിമിഷവും തകർന്ന് വീഴാവുന്ന നിലയിലുള്ളത്.

ഒമ്പത് മുറികളുള്ള ഒറ്റനില കെട്ടിടത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ലാബും സ്റ്റാഫ് റൂമുമാണ് പ്രവർത്തിച്ചിരുന്നത്.എന്നാൽ, ചോന്നൊലിക്കുകയും പില്ലറുകൾ ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് വീഴാനും തുടങ്ങിയതോടെ കെട്ടിടം ഉപയോഗശൂന്യമായി. പ്ലസ് വണ്ണിന് 300 ഓളം കുട്ടികളാണുള്ളത്. ഇവർക്ക്

ഈ അദ്ധ്യയന വർഷം ലാബ് ഉപയോഗിക്കാനും കഴിഞ്ഞിട്ടില്ല. ഉച്ച ഭക്ഷണത്തിനുള്ള ധാന്യങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമായിട്ടാണ് ഇപ്പോൾ ഇവിടം ഉപയോഗിക്കുന്നത്.

കെട്ടിടത്തിന്റെ ഒരുഭാഗം എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇതിന് സമീപത്തുകൂടിയാണ് കുട്ടികൾ സ്‌കൂളിലേക്ക് വരികയും പോകുകയും ചെയ്യുന്നത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം നശിക്കാനുള്ള കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് കാരണമായേക്കാമെന്നും അവർ ഭയപ്പെടുന്നു. ഹൈസ്കൂൾ,​ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1974 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായിട്ട് പോലും ഇതാണ്സ്ഥിതി.

കാത്തിരിക്കുന്നത് ഇരട്ട ദുരന്തം

1.കെട്ടിടത്തിന്റെ അപകടാവസ്ഥ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി നിരവധി തവണ അധികാരികളെ രേഖാമൂലം ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ലാബ് ഉപയോഗിക്കാൻ കഴിയാത്തത് കാരണം പ്രധാന പരീക്ഷകൾ എങ്ങിനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും

2.ഇതിനോട് ചേർന്ന് തെക്കുവശമുള്ള ഇരുനില കെട്ടിടം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുൻവശം മുഴുവൻ മുറിച്ചുമാറ്റിയ നിലയിലാണ്. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുത്ത ഇനത്തിൽ 79.6 ലക്ഷം ലഭിച്ചെങ്കിലും ഇവിടെയും കെട്ടിടം പൊളിച്ചുപണിയാൻ അധികൃതർ തയ്യാറായിട്ടില്ല

3.കുട്ടികളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ രണ്ട് കെട്ടിടങ്ങളും പൊളിച്ചുമാറ്റിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയായ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണം. വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യമൊരുക്കാൻ സ്കൂൾ അധികൃതർ തയ്യാറാകണം

-മഹേഷ് പട്ടണകാട്,​ എസ്.എം.സി വൈസ് ചെയർമാൻ

താത്കാലികമായി ലാബ് മറ്റ് കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനുള്ള ക്രമീകരണം വരുത്തിയിട്ടുണ്ട്. കെട്ടിടം പുനർനിർമ്മാണ് പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ്

- എൻ.എസ്.ശിവപ്രസാദ്,​ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്