ആലപ്പുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും നഗരത്തിലെ മാലിന്യ ശേഖരണബിന്നുകളുടെ പരിപാലനത്തിനും ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി 50 തൊഴിലാളികളെകൂടി നിയമിക്കാൻ നഗരസഭ കൗൺസിൽയോഗം തീരുമാനിച്ചു. വാക്ക് ഇൻ ഇന്റർവ്യൂ, കായികക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ശുചീകരണ തൊഴിലാളികളുടെ 46 ഒഴിവുകൾ നികത്താൻ രണ്ടുദിവസം മുമ്പ് ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഹരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുന്ന തരംതിരിച്ച അജൈവ മാലിന്യങ്ങളും നിഷ്​ക്രിയ മാലിന്യങ്ങളും കൊണ്ടുപോകാൻ ക്ലീൻ കേരള കമ്പനിക്കൊപ്പം അംഗീകാരമുള്ള ഏജൻസികളെ കൂടി ഉൾപ്പെടുത്താനും ചിക്കൻ മാലിന്യം നീക്കുന്നതിന് ശുചിത്വ മിഷന്‍ അംഗീകാരമുള്ള ഏജൻസികളിൽ നിന്ന് പ്രത്യേകതാൽപര്യപത്രം ക്ഷണിക്കാനും ചിക്കൻ, ബീഫ്, മട്ടൻ സ്റ്റാളുകളുടെ വ്യാപാര ലൈസൻസ് പൊലൂഷൻ കൺട്രോൾ ബോർഡ് സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കി നൽകാനും തീരുമാനിച്ചു.

നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്​.എം. ഹുസൈൻ, കൗൺസിലർമാരായ എം.ആർ. പ്രേം, എ.എസ്.കവിത, നസീർപുന്നക്കൽ, ആർ. വിനിത, എം.ജി.സതീദേവി, സൗമ്യരാജ്, അഡ്വ.റീഗോരാജു, സലിം മുല്ലാത്ത്, ഹരികൃഷ്ണൻ, സി.അരവിന്ദാക്ഷൻ, ആർ.രമേശൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, ഹെലൻ ഫെർണാണ്ടസ്, സെക്രട്ടറി ഷിബു എൽ.നാൽപ്പാട്ട് എന്നിവർ സംസാരിച്ചു.

അഴിമതി ആരോപണം

അന്വേഷിക്കാൻ സമിതി


അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അന്വേഷിക്കാൻ അഞ്ചുപേരടങ്ങുന്ന സമിതിയെ നിയോഗിച്ചു. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന ഭരണ,​ പ്രതിപക്ഷ കൗൺസിലർമാരുടെ പരാതി നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, പ്രതിപക്ഷ നേതാവ് അഡ്വ.റീഗോരാജു, എൽ.ഡി.എഫ്​ പാർലമെന്ററിൽ പാർട്ടി സെക്രട്ടറി സൗമ്യരാജ്, ക്ഷേമകാര്യ സ്​റ്റാൻഡിംഗ്​ കമ്മിറ്റി അദ്ധ്യക്ഷൻ നസീർ പുന്നയ്ക്കൽ എന്നിവരങ്ങുന്ന സമിതി പരിശോധിക്കും.