ആലപ്പുഴ: ആയുർവേദം, സിദ്ധ, നേച്ചർക്യൂർ ചികിത്സാ ഫീസും സർവീസ് ചാർജുകളും ഭാരതീയ ആയുഷ് ചികിത്സാവകുപ്പ് കൂട്ടി. ഫീസ് വർദ്ധന കിടപ്പുരോഗികളുൾപ്പെടെ പതിനായിരക്കണക്കിന് പേരെ ബാധിക്കും. 12 വയസുവരെയുള്ള കുട്ടികൾക്കും 18 വയസു വരെയുള്ള ബി.പി.എൽ വിഭാഗം കുട്ടികൾക്കുമൊഴികെയുള്ള എല്ലാവർക്കും നിരക്കുവർദ്ധന ബാധകമാണ്. വർദ്ധന എന്ന് നടപ്പാക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സംസ്ഥാനത്തിന്റെ അടിയന്തര സാമ്പത്തിക സാഹചര്യം പരിഗണിച്ച് ഓരോ വകുപ്പിലേയും നികുതിയേതര വരുമാനം കൂട്ടാൻ ഫീസുകൾ, ഫൈനുകൾ, സർവീസ് ചാർജുകൾ കാലാനുസൃതമായി വർദ്ധിപ്പിക്കാൻ ആയുഷ് ചികിത്സാ വകുപ്പ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നടപടി.

വാതരോഗത്തിനുള്ള പിഴിച്ചിൽ, ഞവരക്കിഴി, വേദന കുറയ്‌ക്കാനുള്ള ക്ഷീരധാര, ധാന്യാമ്ളധാര, ശിരോധാര, ശിരോവസ്തി, സോറിയാസിസടക്കം ത്വക്ക് രോഗങ്ങൾക്കുള്ള വമനം തുടങ്ങി 44 ചികിത്സാ ഇനങ്ങൾക്കും ക്രിയകൾക്കുമുള്ള നിരക്ക് അഞ്ച് മുതൽ 40 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പിഴിച്ചിൽ മുതൽ പുടപാകം വരെ 29 ചികിത്സകൾക്ക് 20 രൂപ വീതം കൂട്ടി. സ്നേഹവസ് തിയുൾപ്പെടെ അരഡസൻ ചികിത്സകൾക്ക് 30ഉം നിരൂഹ വസ്തി, വമനം തുടങ്ങിയ ചികിത്സാവിധികൾക്ക് 40 രൂപ വീതവുമാണ് വർദ്ധിപ്പിച്ചത്. നാച്ചുറോപ്പതിയിലെ രണ്ട് ഡസനോളം ചികിത്സകളുടെ നിരക്കുകളും പരിഷ്കരിച്ചിട്ടുണ്ട്. എക്‌സ്‌റേ പരിശോധനഫിലിമിന് 20ൽ നിന്ന് 50 രൂപയാക്കി.

സീനിയർഹൗസ് സർജൻസി ഫീസ് ആറിരട്ടി

ബി.എ.എം.എസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സീനിയർ ഹൗസ് സർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസ് ആറിരട്ടിയാക്കി. ആറു മാസത്തെ കോഴ്സ് സർട്ടിഫിക്കറ്റിനുള്ള തുക 3,000 രൂപയും ഒരു വർഷത്തേക്കുള്ളത് 6000 രൂപയുമാക്കി. നേരത്തെ ഒരു വർഷത്തേക്കുള്ള കോഴ്സ് സർട്ടിഫിക്കറ്റിന് 1000 രൂപയായിരുന്നു ഫീസ്.

നിരക്ക് വർദ്ധന

ചികിത്സ....................................................നിലവിലെ നിരക്ക്.................വർദ്ധിപ്പിച്ചത്

 പിഴിച്ചിൽ (സർവാംഗം) (5 ലിറ്റർ).......................310................................330

 പിഴിച്ചിൽ (അർദ്ധാംഗം) (3 ലിറ്റർ).....................220................................240

 ഞവരക്കിഴി (സർവാംഗം)..................................310................................330

 ഞവരക്കിഴി (അർദ്ധാംഗം)................................220................................240

 സ്നേഹപാനം......................................................80................................100

 ഇലക്കിഴി................................................................80................................100

 നസ്യം.....................................................................45..................................50

 തലപൊതിച്ചിൽ...................................................35..................................50

 നിരൂഹ വസ്തി.........................................................60................................100

 വമനം.....................................................................60................................100

 ക്ഷീരവസ്തി..............................................................20..................................50

'ആയുഷ് വകുപ്പിൽ നിരക്ക് വർദ്ധിപ്പിച്ച് ഉത്തരവിറങ്ങിയെങ്കിലും നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല".

- ഡയറക്ടറേറ്റ് , ഭാരതീയ ചികിത്സാ വകുപ്പ് , തിരുവനന്തപുരം