
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ ലിഫ്ട് തകരാറിലായതിനെത്തുടർന്ന് ഹൃദ്രോഗികളടക്കം ദുരിതത്തിൽ. ഇവിടെ ആകെയുള്ള രണ്ട് ലിഫ്ടുകളിലൊന്നാണ് പണിമുടക്കിയത്.
മൂന്ന് വർഷത്തെ പഴക്കമേ ഇതിനുള്ളൂ. സെപ്റ്റംബറിൽ മാത്രം ഇവിടെ 2 പ്രാവശ്യം ലിഫ്റ്റ് പണിമുടക്കി. പ്രവർത്തിക്കുന്ന ഒരു ലിഫ്റ്റിൽ മറ്റുള്ളവരും കൂടി കയറുമ്പോൾ 3-ാം നില വരെ പോയി ലിഫ്റ്റ് മടങ്ങിവരാൻ ഏറെസമയം എടുക്കും. ഇതോടെ, കിടപ്പുരോഗികളേയും കൊണ്ട് വീൽച്ചെയറിലും ട്രോളിയിലും പോകുന്നവർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിയും വരും.
ഒ.പിയിൽ എത്താൻ പാടുപെടണം
ഹൃദ്രോഗികൾക്ക് ഒ.പി വിഭാഗത്തിൽ ചികിത്സയ്ക്കായും എക്കോ എടുക്കാനായും ഒന്നാം നിലയിൽ എത്തേണ്ടതുണ്ട്
ലിഫ്ട് തകരാറായതിനെ തുടർന്ന് പടി കയറി മുകളിൽ കയറാൻ പറ്റുന്നവർ മാത്രമാണ് ഒ.പി വിഭാഗത്തിൽ എത്തുന്നത്
5 ദിവസമായി തകരാറിലായ ലിഫ്ടിൽ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാത്തതാണ് രോഗികളെ വലയ്ക്കുന്നത്
അടിക്കടി ലിഫ്ട് തകരാറിലാകുന്നതിനെതിരെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമിടയിൽ പ്രതിഷേധമുയരുന്നുണ്ട്
നിലവാരം കുറഞ്ഞതായതുകൊണ്ടാണ് ലിഫ്റ്റ് അടിക്കടി തകരാറിലാകുന്നത്. എത്രയും പെട്ടെന്ന് തകരാർ പരിഹരിക്കണം
- രോഗികൾ