ആലപ്പുഴ: ആര്യാട് ബ്ലോക്ക്​ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല വയോജന സെമിനാറും സൗജന്യമെഡിക്കൽ ക്യാമ്പും നടക്കും. ആര്യാട് ബ്ലോക്ക്​ പഞ്ചായത്തും ജില്ല പഞ്ചായത്തും ചേർന്നുള്ള വയോജന സൗഹൃദപദ്ധതിയുടെ തുടർച്ചയാണിത്. ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം സൗത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങളുടെ മാനസിക, ശാരീരിക ഉല്ലാസം ഉറപ്പുവരുത്തുക, ഒറ്റപ്പെടൽ ഇല്ലാതാക്കുക തുടങ്ങിയതാണ് ലക്ഷ്യം. 27, 29 തീയതികളിൽ പഞ്ചായത്തുകളിൽ മെഡിക്കൽ ക്യാമ്പ്​ നടത്തും. ശ്രവണസഹായി, നീക്യാപ്, നെക് കോളർ, കണ്ണട തുടങ്ങിയവ സൗജന്യമായി നൽകും. 27ന് മുഹമ്മ പഞ്ചായത്തിൽ കാർഷിക കരകൗശല പ്രദർശന വിപണന മേളയുമുണ്ടാകും. ഒക്​ടോബർ ഒന്നിന് ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംസ്ഥാനതല വയോജന സെമിനാർ നടത്തും. ഒക്​ടോബർ 10ന്​ വയോജനങ്ങളുടെ മേക്കോവർ മത്സരവുമുണ്ട്. വാർത്താസമ്മേളനത്തിൽ ആര്യാട് ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി.കെ. പ്രകാശ് ബാബു, ബി.ഡി.ഒ കെ.എം.ഷിബു എന്നിവർ പങ്കെടുത്തു.