
കായംകുളം : നഗരത്തിൽ ഇഞ്ചക്കൽ തോടിന് അരികിലൂടെയുള്ള എസ്.എൻ വിദ്യാപീഠം റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. എസ്.എൻ വിദ്യാപീഠം, എസ്.എൻ പബ്ളിക് സ്കൂൾ,സെന്റ് മേരീസ് സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡാണിത്.
ഇഞ്ചക്കൽ തോട് നിറഞ്ഞ് കവിയുമ്പോൾ റോഡ് വെള്ളത്തിലാകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡാണിത്. റോഡിലെ കുഴികൾക്ക് രണ്ടടിയോളം താഴ്ചയുണ്ട്. മഴ പെയ്യുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയുമ്പോൾ തോടിന്റെ കൽക്കെട്ടിലൂടെയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ നടന്നുപോകുന്നത്. ഇവിടെ ഒരിടത്തും കൈവരികൾ ഇല്ല. തെന്നിയാൽ നേരെ തോട്ടിലേക്ക് വീഴും.
കൽക്കെട്ടില്ലാത്തത് ഭീഷണി
റോഡിന്റെ 50 മീറ്റർ ഭാഗമാണ് അപകടക്കെണിയായി കിടക്കുന്നത്
റോഡിൽ കൈവരികൾ കെട്ടുകയും കുഴികൾ അടയ്ക്കുകയും ചെയ്താൽ അപകടസാദ്ധ്യത ഒഴിവാക്കാം
ബി.എസ്.എൻ.എൽ റോഡിൽ നിന്ന് പുതിയിടം ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴിയാണിത്
ദിവസവും നൂറുകണക്കിന് കുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്.
ശക്തമായ മഴ പെയ്യുമ്പോൾ തോട്ടിൽ ഒഴുക്കുണ്ടാകും. ഈ സമയത്ത് തോടിന്റെ കൽക്കെട്ടിലൂടെ പേടിച്ചാണ് വിദ്യാർത്ഥികളുൾപ്പെടെ യാത്ര ചെയ്യുന്നത്
- പ്രദേശവാസികൾ