
ചെന്നിത്തല: വിദ്യാഭ്യാസ പുരോഗതിയിലേക്ക് ചെന്നിത്തല ഗ്രാമത്തെ കൈപിടിച്ചുയർത്തിയ ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനവും വാർഷികാഘോഷങ്ങളും ഇന്ന് നടക്കുമെന്ന് സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1953 ൽ സ്ഥാപിക്കപ്പെടുകയും 2012 ൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെടുകയും ചെയ്ത ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വർഷങ്ങളായി നൂറു ശതമാനം വിജയവും കലാ കായിക രംഗങ്ങളിൽ മികച്ച പ്രകടനവും കർശനമായ അച്ചടക്കവും നിലനിർത്തിപ്പോരുന്നു. സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക് സംവിധാനമുള്ളതും റോബോട്ടിക് അടൽ ടിങ്കറിങ് ലാബ്, സ്പെയിസ് മ്യൂസിയം തുടങ്ങി വിവിധ ആധുനിക സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്ന സംരംഭങ്ങളാൽ സമ്പന്നവുമാണ്. പുതിയ കെട്ടിട സമുച്ച യത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സി.കെ. ചെറിയാൻ കോട്ടപ്പുറത്ത് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി രമേശ് ചെന്നിത്തല എം.എൽ.എ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വിരമിച്ച അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിഭകൾ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എം.പി ആദരിക്കും. കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയ മുൻ മാനേജർ കൃഷ്ണൻ നമ്പൂതിരി, സി.പി. പ്രഭാകരൻ പിള്ള (റിട്ട. എൻജിനീയർ) എന്നിവരെ ആദരിക്കും. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ചെന്നിത്തല ഗ്രാമപഞ്ചായത് പ്രസിഡന്റ് വിജയമ്മ ഫിലെന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കുമാരി ആതിര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഡി.ഇ.ഒ ഇൻ ചാർജ് സിന്ധു ഹമീദ്, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. സ്കൂൾ മാനേജർ ഗോപീ മോഹനൻ നായർ സ്വാഗതവും സ്കൂൾ മാനേജിങ് സെക്രട്ടറി ജി.യോഹന്നാൻ നന്ദിയും പറയും. സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ സി.കെ ചെറിയാൻ കോട്ടപ്പുറത്ത്, ജി.ഗോപിമോഹനൻ നായർ, ജി യോഹന്നാൻ, അനിൽ തൈപ്പുവിളയിൽ, ജി.ഹരികുമാർ, കെ.രാജൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.