ഹരിപ്പാട് : സൗഹാർദ്ദോദയം 38-ാം വാർഷികവും അവാർഡുദാനവും 28ന് കാട്ടിൽമാർക്കറ്റിൽ നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും രക്ഷയ്ക്കുവേണ്ടി 1902, 1965, 1971, 1999 വർഷങ്ങളിലെ യുദ്ധങ്ങളിൽ പങ്കെടുത്ത ധീരജവാന്മാർക്ക് ഈ വർഷത്തെ സൗഹാർദ്ദോദയം അവാർഡ് നൽകി ആദരിക്കും. കാട്ടിൽ മാർക്കറ്റ് പുത്തൻകരിയിൽ ക്ഷേത്ര ആഡിറ്റോറിയത്തിൽ വൈകിട്ട് 4 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കും. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. ബി.ചന്ദ്രൻ, ആർ.സുഭാഷ്,തൃക്കുന്നപ്പുഴ പ്രസന്നൻ, വി.ആർ പുലോമജ, ഡോ. എ.കെ. മധു എന്നിവരെ ആദരിക്കും. മെഡിക്കൽ ബിരുദം നേടിയ ഡോ. പ്രിൻസ് പ്രസന്നൻ, ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഗാർഗിതിലക്, എം.ബി.എക്ക് രണ്ടാം റാങ്ക് നേടിയ ബി.ഉണ്ണി, സ്റ്റേറ്റ് സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിൽ “എ” ഗ്രേഡ് നേടിയ ദേവനാരായണൻ എന്നിവരെ സമ്മേളനത്തിൽ അനുമോദിക്കും.

രാവിലെ 8.30ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഡോ. ബിനോയ് ആർ. നായർ ഉദ്ഘാടനം ചെയ്യും. പകൽ 3 ന് കവിയരങ്ങ് കരുവാറ്റ കെ.എം. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കെ.രാജേന്ദ്രൻ , സ്വാഗത സംഘം ചെയർമാൻ ഡി.രാജു ജെൽസ, ട്രഷറാർ ജി.സുദർശനൻ ,എം. വിക്രമൻ പങ്കെടുത്തു.