ആലപ്പുഴ: കനാൽ നവീകരണവും മാലിന്യ നിർമ്മാർജ്ജനവും പുരോഗമിക്കുമ്പോഴും ആലപ്പുഴയുടെ അഴകിന് പേരുദോഷമാവുകയാണ് നഗരത്തിലെ റാണിത്തോട്. ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന തോട് മാലിന്യവാഹിനിയായി മാറിയിട്ട് കാലമേറെയായി.
ലക്ഷങ്ങൾ മുടക്കി നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെയടക്കം ചോദ്യം ചെയ്യുന്ന തരത്തിലാണ് തോട്ടിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. അവശിഷ്ടങ്ങൾ നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ് തോട്.
ആലിശ്ശേരി, സിവിൽ സ്റ്റേഷൻ, റെയിൽവേസ്റ്റേഷൻ, ലജ്നത്ത്, സക്കറിയാ ബസാർ, വലിയകുളം, വട്ടയാൽ, കുതിരപ്പന്തി, ഇരവുകാട്, ഗുരുമന്ദിരം, ബീച്ച്, വാടയ്ക്കൽ വാർഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. മുമ്പ് നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കൈയ്യോടെ പൊക്കാൻ നൈറ്റ് സ്ക്വാഡ് സജീവമായിരുന്നു. അത്തരം കൂട്ടായ്മകൾ നിലച്ചതോടെയാണ് മാലിന്യം വലിച്ചെറിയൽ പ്രവണത തിരിച്ചെത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
വീടുകളിലേക്ക് മലിനജലം ഒഴുകിയെത്തും
മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം ആഴംകൂട്ടലാണ് തോടിനെ വീണ്ടെടുക്കാനുള്ള ഏക പോംവഴി
റാണിത്തോടിനോട് ചേർന്നുള്ള കൈത്തോടുകളെയും വീണ്ടെടുക്കേണ്ടതുണ്ടെന്ന് നഗരവാസികൾ
മാലിന്യം നിറഞ്ഞ് മാലിന്യം വമിക്കുന്ന നിലയിലാണ് തോട് ഇപ്പോൾ.വെള്ളത്തിന്റെ നിറം കറുപ്പായി മാറി
മഴക്കാലത്ത് വെള്ളം ഉയരുന്നതോടെ മലിനജലം വീടുകളിലെത്തുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു
കനാലുകളുടെയും തോടുകളുടെയും നവീകരണം പേരിലൊതുങ്ങിയാൽ പോരാ. ദുർഗന്ധം വമിക്കാത്ത, മാലിന്യങ്ങൾ കെട്ടിക്കിടക്കാത്ത തരത്തിൽ റാണി തോടിനെ വീണ്ടെടുക്കാൻ അധികൃതരുടെ ഇടപെടൽ വേണം
- സക്കറിയാ ബസാർ നിവാസികൾ