ph

കായംകുളം : കായംകുളം നഗരസഭ സെക്രട്ടറി അവധിയിൽ പോവുകയും പകരം ചാർജ് എടുക്കേണ്ടവർ അവധിയിൽ പോവുകയും ചെയ്തതോടെ കായംകുളം നഗരസഭയിൽ ഭരണസ്തംഭനമെന്ന് ആരോപണം. നഗരസഭ സെക്രട്ടറി 10 ദിവസത്തെ അവധിയിലാണ്. പകരം ചാർജ് നൽകിയ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറും ചാർജ് എടുക്കാതെ അവധിയിൽ പോയി. അടുത്തതായി ചാർജ് എടുക്കേണ്ട ജനറൽ സൂപ്രണ്ടും റവന്യൂ സൂപ്രണ്ടും അവധിയിലാണ്.

ഒന്നാംവാർഡിലെ പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉദ്യോഗസ്ഥരുടെ അവധിയ്ക്ക് കാരണമെന്നറിയുന്നു. സ്ഥാപനം 24മണിക്കൂറിനുള്ളിൽ പൂട്ടണമെന്ന് കാട്ടി നഗരസഭ ചെയർപേഴ്സൺ പി.ശശികല സെക്രട്ടറിയ്ക്ക് കത്ത് നൽകിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. തൽസ്ഥിതി തുടരണമെന്ന കായംകുളം മുനിസിഫ് കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ പൂട്ടുന്ന കാര്യത്തിൽ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടാണ് അവധിയെടുത്തത്.

മിനിട്ട്സ് നൽകിയില്ല: സത്യഗ്രഹവുമായി യു.ഡി.എഫ്

എൽ.ഡി.എഫ് ഭരണനേതൃത്വം കൈക്കൊള്ളുന്ന നടപടികളിൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നുള്ള നിയമോപദേശം ലഭിച്ചതാണ് ഉദ്യോഗസ്ഥർ അവധിയിൽ പോകാൻ കാരണമെന്ന് പ്രതിപക്ഷമായ യു.ഡി.എഫ് ആരോപിച്ചു. ഐ.ടി.ഐക്ക് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ച മുമ്പ് നടന്ന വിവാദ കൗൺസിലിന്റെ മിനിറ്റ്സ് മൂന്നുദിവസത്തിനകം നൽകണമെന്ന ചട്ടം നിലനിൽക്കെ ഇതുവരെയും മിനിറ്റ്സ് നൽകുന്നതിന് തയ്യാറായിട്ടില്ലന്നും ഇതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകിയതായും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. നടപടിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരായ എ.പി.ഷാജഹാൻ,നവാസ് മുണ്ടകത്തിൽ,ബിദു രാഘവൻ,ആർ.സുമിത്രൻ,അൻസാരി കോയിക്കലേത്ത് എന്നിവർ സത്യഗ്രഹ സമരം ആരംഭിച്ചു.

ഭരണസ്തംഭനമില്ല : ചെയർപേഴ്സൺ

കായംകുളം നഗരസഭയിൽ ഭരണ പ്രതിസന്ധിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. സെക്രട്ടറി മുൻകൂട്ടി തന്നെ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അവധിക്ക് അപേക്ഷിക്കുകയും ലീവ് അനുവദിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച അദ്ദേഹം ജോലിയിൽ കയറും. അസി.എക്സിക്യൂട്ടീവ് എൻജിനീയർ ശാരീരികമായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് ചികിത്സ തേടിയത്. നഗരസഭയുടെ ദൈനദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടായിട്ടില്ല. മരാമത്തു ജോലികളുടെ ടെൻഡർ അടക്കമുള്ള ജോലികൾ കൃത്യമായി നടന്നു വരുന്നുണ്ട്.