
ഹരിപ്പാട് : മുതുകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊള്ളി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും പരിഹാരത്തിന് വാട്ടർ അതോറിട്ടി നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. മുതുകുളം തെക്ക് തെക്കോട്ടിൽ റോഡിൽ പുത്രേഴത്തു കിഴക്കുഭാഗത്തും ഷാപ്പുമുക്ക് - പള്ളിമുക്ക് റോഡിൽ പഴതറ ജംഗ്ഷന് തെക്കുഭാഗത്തും ചെങ്കിലാത്തുമുക്ക് റോഡിൽ ആലിൻചുവടിന് സമീപവുമാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. വെള്ളമൊഴുകുന്നതിനെത്തുടർന്ന് റോഡുകൾ പൊളിഞ്ഞിളകാനും തുടങ്ങിയിട്ടുണ്ട്. ആലിൻചുവടിന് 100 മീറ്ററോളം തെക്കുമാറി റോഡിനു പടിഞ്ഞാറേ അരികു ചേർന്നാണ് ചോർച്ചയുളളത്. ശക്തിയായാണ് ഇവിടെ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
റോഡുകളും തകരുന്നു
തെക്കോട്ടിൽ റോഡിൽ കൊട്ടാരം സ്‌കൂൾ ഭാഗത്തേക്ക് പോകുന്ന കോൺക്രീറ്റ് റോഡിന്റെ തുടക്കത്തിലാണ് പൈപ്പിന് ചോർച്ചയുള്ളത്
ഇവിടെ കുടിവെളളം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വലിയതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ കോൺക്രീറ്റ് റോഡ് പൊളിഞ്ഞു തുടങ്ങി
പഴതറ ജംഗ് ഷന് തെക്കുഭാഗത്ത് കലുങ്കിനോട് ചേർന്നാണ് പൈപ്പ് പൊട്ടിയൊലിക്കുന്നത്. ഇവിടെയും ചോർച്ച തുടങ്ങിയിട്ട് ആഴ്ചകളായി
കുടിവെള്ള വിതരണ പൈപ്പുകളിലെ ചോർച്ച പരിഹരിക്കാൻ വാട്ടർ അതോറിട്ടി നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. ഇനിയും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ റോഡുകളും താറുമാറാകും
- അരുൺ, പ്രദേശവാസി