അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായ തോട്ടപ്പള്ളി ഫെസ്റ്റിൽ ഇന്ന് രാവിലെ 10 ന് പ്രധാന വേദിയിൽ ഇന്നലകളിലെ വസന്തം എന്ന പേരിൽ വയോജന സംഗമം നടത്തും. മുതിർന്ന വഞ്ചിപ്പാട്ട് കലാകാരൻ ചമ്പക്കുളം ബേബി ഉദ്ഘാടനം ചെയ്യും. എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനാകുന്ന സംഗമത്തിൽ പാട്ടും പറച്ചിലുമായി പുന്നപ്ര ജ്യോതികുമാർ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് കൈ കൊട്ടിക്കളി മത്സരവും വൈകിട്ട് 4.30 ന് മൂന്നര വയസുകാരൻ സൽമാൻ ഫസലിന്റെ ഫ്ലാഷ് കാർഡ് ഷോയും, 5 ന് അമ്പലപ്പുഴ വോയ്സിന്റെ ട്രാക്ക് ഗാനമേളയും, 6 ന് 25 കലാകാരന്മാർ അണിനിരക്കുന്ന ഗൗരി കൃഷ്ണയുടെ വയലിൻ - ചെണ്ട ഫ്യൂഷനും നടക്കും. രാത്രി 7.30 ന് ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന മൺ പാട്ടും അരങ്ങേറും.