അരൂർ:വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം ഇന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ.വി.വേലു നിർവഹിക്കും. രാവിലെ 11ന് അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.

കെ.സി.വേണുഗോപാൽ എം.പി, ദലീമ ജോജോ എം.എൽ.എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, കോയമ്പത്തൂർ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ആർ. രംഗനാഥൻ, ചെന്നൈ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ജനറൽ എസ്.മണിവണ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

തമിഴ്നാട് വികസന, ഇൻഫർമേഷൻവകുപ്പ് മന്ത്രി എം.പി.സ്വാമിനാഥൻ സന്നിഹിതനാകും.സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. നാല് കോടി രൂപയാണ് തമിഴ്നാട് സർക്കാർ ഇതിനായി അനുവദിച്ചത്. തിരുവിതാംകൂർകൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്ന അരൂക്കുറ്റിയിൽ ഉണ്ടായിരുന്ന ജയിലിലാണ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാമസ്വാമി നായ്ക്കരെ അടച്ചത്.

ജയിൽ മാതൃകയിൽ

 ജയിൽ മാതൃകയിലാകും സ്മാരകം നിർമ്മിക്കുക

 പെരിയാറിന്റെ പ്രതിമ, മ്യൂസിയം,ഹാൾ,പാർക്ക് തുടങ്ങിയവ ഒരുക്കും

 ഒറ്റ നിലയിലായി 1140.98 ചതുരശ്രയടി വിസ്തീർണത്തിലാകും കെട്ടിടം

 അഞ്ചുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യം.