photo

ചേർത്തല: വഴിയിൽ നിന്ന് കിട്ടിയ രണ്ടരപ്പവന്റെ മാല അവകാശിക്ക് തിരിച്ച് നൽകി ഭിന്നശേഷിക്കാരനായ തയ്യൽക്കാരൻ. കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡിൽ രാധാനിവാസിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ ഹരികുമാറാണ് ഉടമയ്ക്ക് മാല തിരിച്ചുനൽകിയത്. 24ന് വൈകിട്ട് മായിത്തറയിലെ ട്യൂഷൻ സ്ഥാപനത്തിൽ നിന്ന് മകൾ ആരാധ്യയുമായി സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ മായിത്തറ കിഴക്ക് പോളക്കാട്ടിൽ കവലയ്ക്ക് സമീപത്ത് റോഡിൽ നിന്നാണ് സ്വർണമാല കിട്ടിയത്.വീട്ടിലെത്തി ബന്ധുക്കളെ അറിച്ചതോടെ,​ സഹോദരൻ വേണുഗോപാൽ മാരാരിക്കുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.മാല ലഭിച്ച വിവരം വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ അറിയച്ചതിനെ തുടർന്നാണ് ഉടമ എത്തിയത്. കഞ്ഞിക്കുഴി ഒന്നാം വാർഡ് പൊള്ളയിൽ അഖിലിന്റേതായിരുന്നു മാല. ടോറസ് ഡ്രൈവറായ ഇയാൾ കോതമംഗലത്ത് ലോഡ് എടുക്കുന്നതിനിടെ മാല നഷ്ടപ്പെട്ടെന്നായിരുന്നു കരുതിയത്. ഇതിനിടെയാണ് വാട്ട്സ് ആപ്പ് സന്ദേശം കണ്ടത്. ഉടൻ തന്നെ സന്ദേശത്തിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വർഷങ്ങളായി കൂറ്റുവേലിയിൽ തയ്യൽകട നടത്തുകയാണ് ഹരികുമാർ. ഭാര്യ പഞ്ചായത്ത് ജീവനക്കാരി ലേഖ. മക്കൾ:ആദിത്യൻ,ആരാധ്യ.