മുഹമ്മ: മുഹമ്മ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഫ്ലാറ്റ് മാതൃകയിൽ ഫാമിലി ക്വാർട്ടേഴ്സ് നിർമ്മിക്കാൻ 5.43 രൂപയുടെ ഭരണാനുമതി. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 10 കെട്ടിടങ്ങളാണ് നിർമ്മിക്കുകയെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല, മുഹമ്മ പൊലീസ് സ്റ്റേഷൻ പരിസരത്ത് ഫ്ലാറ്റ് മാതൃകയിൽ ഫാമിലി ക്വാർട്ടേഴ്സ നിർമ്മിക്കണമെന്ന് 2022 മുതൽ മുഖ്യമന്ത്രിയോട് കത്ത് നൽകി മന്ത്രി പി.പ്രസാദ് ആവശ്യപ്പെട്ടതിന്റെ ഫലമായാണ് ഫണ്ട് അനുവദിച്ചത്.ആലപ്പുഴ - മധുര സംസ്ഥാനപാതയോരത്ത് മുഹമ്മ പൊലീസ് സ്റ്റേഷന്റെ അധീനതയിലുള്ള ഒരേക്കറോളം സ്ഥലത്താണ് ക്വാർട്ടേഴ്സുകൾ നിർമ്മിക്കുന്നത്. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പഴക്കം കൊണ്ട് ഉപയോഗശൂന്യമായ നിലയിലാണ്.
3.6 കോടി രൂപ വിനിയോഗിച്ച് ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്സ് സമുച്ചയത്തിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. ചേർത്തലയിലെയും മുഹമ്മയിലെയും ക്വാർട്ടേഴ്സുകൾ പൂർത്തിയാകുന്നതോടെ ചേർത്തല, അർത്തുങ്കൽ, മാരാരിക്കുളം, മണ്ണഞ്ചേരി, പട്ടണക്കാട് സ്റ്റേഷനുകളിലെ പൊലീസ് സേനാംഗങ്ങൾക്ക് പ്രയോജനപ്രദമാക്കും.