
ആലപ്പുഴ: സ്ലൈഡിംഗ് ഗേറ്റ് തലയിൽ വീണ് ഒന്നരവയസ്സുകാരൻ മരിച്ചു. വൈക്കം ടി.വി പുരം മണിമന്ദിരത്തിൽ അഖിൽ മണിയപ്പൻ - അശ്വതി ദമ്പതികളുടെ മകൻ റിഥവ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മാതാവിന്റെ ആലപ്പുഴ അത്തിത്തറയിലെ തെക്കേ അത്തിത്തറ വീട്ടിലായിരുന്നു സംഭവം.
പനി ബാധിച്ച അശ്വതിയെയും മകൻ റിഥവിനെയും അശ്വതിയുടെ പിതാവ് പ്രസാദും അമ്മ മഹേശ്വരിയും ചേർന്ന് വൈക്കത്ത് നിന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. പ്രസാദും അശ്വതിയും വീടിനുള്ളിലേക്ക് കയറിയതിന് പിന്നാലെ റിഥവ് റോഡിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ അത് തടയുന്നതിനായി മഹേശ്വരി ഗേറ്റ് അടയ്ക്കുന്നതിനിടെ റെയിലിൽ നിന്ന് തെന്നി മാറിയ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റിഥവിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ശേഷം വെന്റിലേറ്ററിലായിരുന്ന റിഥവ് ബുധനാഴ്ച്ച രാത്രി 9 മണിയോടെ മരിച്ചു. മൃതദേഹം ഇന്നലെ രാവിലെ അത്തിത്തറയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈക്കം മണിമന്ദിരം വീട്ടിൽ സംസ്ക്കരിച്ചു.