
ആലപ്പുഴ: പുതിയ ബൈപ്പാസ് നിർമ്മാണത്തോടെ വഴിയടഞ്ഞ കളപ്പുര ഭാഗത്ത് അടിപ്പാത വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പ്രദേശവാസികൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കത്ത് അയച്ചിരുന്നു.
റോഡിലേക്ക് ഇറങ്ങാൻ നിലവിൽ വഴിയില്ലാത്ത അവസ്ഥയിലാണിവർ. ആദ്യ ബൈപ്പാസ് നിർമ്മിച്ച സമയത്ത് തന്നെ കളപ്പുര ഭാഗത്ത് നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണമടക്കം നടത്തി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഫലം കണ്ടില്ല. പിന്നീട് പ്രദേശവാസികൾ തന്നെ താത്ക്കാലിക വഴിയൊരുക്കിയാണ് സഞ്ചരിച്ചിരുന്നത്. കളപ്പുര ഭാഗത്ത് നിന്ന് കൊമ്മാടി വഴിയോ, മാളികമുക്ക് വഴിയോ കിലോമീറ്റററുകൾ ചുറ്റി വേണം ജനങ്ങൾക്ക് നിലവിൽ ബൈപ്പാസിനിപ്പുറമെത്താൻ. നേരെ എതിർവശത്തെ റോഡിലെത്താൻ ഒരുകിലോമീറ്ററോളം ചുറ്റിത്തിരിയേണ്ട സ്ഥിതിയിലാണിവർ.
ബസ് സ്റ്റോപ്പിലെത്താൻ ഒരു കി.മീ.ചുറ്റണം
വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ബസുകളിൽ കയറണമെങ്കിൽ ഒരു കിലോമീറ്ററോളം ചുറ്റിക്കറങ്ങി എത്തണം
എലിവേറ്റഡ് ഹൈവേ കടന്നു പോകുന്ന മറ്റ് വാർഡുകളിൽ ജനങ്ങൾക്ക് ഹൈവേയ്ക്ക് അടിയിലൂടെ സഞ്ചരിക്കാനാകുന്നുണ്ട്
ആശുപത്രി, അങ്കണവാടി, ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇവിടെ പ്രതിസന്ധി നേരിടുന്നത്
സമാനമായ പല ഭാഗങ്ങളിലും അടിപ്പാതയ്ക്ക് അനുമതി നൽകിയിട്ടും കളപ്പുരയെ അവഗണിച്ചതായാണ് ജനങ്ങളുടെ ആക്ഷേപം
നിലവിൽ അടിപ്പാത വിഷയം ചർച്ചക്ക് എടുക്കുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. ഇപ്പോൾ കാൽനടയാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിയാണ് ബസ് സ്റ്റോപ്പിലെത്തുന്നത്
-ജയപാലൻ, പ്രദേശവാസി