
അമ്പലപ്പുഴ: പുനർ നിർമ്മാണത്തിനായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സത്രം പൊളിക്കുന്നത് ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു. അമ്പലപ്പുഴ ക്ഷേത്രത്തിനോട് ചേർന്നുള്ള സത്രം പൊളിച്ച് 5 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് അമിനിറ്റി സെന്റർ നിർമ്മിക്കുമെന്ന് എം.എൽ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ, ദേവസ്വം ബോർഡുമായി പൊതുമരാമത്ത് വകുപ്പ് കരാർ ഉണ്ടാക്കിയിട്ടുണ്ടോ, ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കുമോ അമിനിറ്റീ സെന്റർ പ്രവർത്തിക്കുക തുടങ്ങിയ
ചോദ്യങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ഇല്ല എന്ന മറുപടിയാണ് അമ്പലപ്പുഴ സ്വദേശി ഷിജു തറയിലിന് ദേവസ്വം അസി.കമ്മിഷണർ നൽകിയത്. ഇതോടെയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ സത്രം പൊളിക്കുന്നത് തടഞ്ഞത്.കൂടാതെ ദേവസ്വം ഭൂമി സർക്കാരിന്റെ കൈവശമാകുമോ എന്ന ഭയവും ഉണ്ട്. ക്ഷേത്രത്തിലെ പുത്തൻകുളം ഇതുപോലെ സർക്കാർ ഏറ്റെടുത്ത് ഗവ.കോളേജ് നിർമ്മിച്ചിരുന്നു. ഇതിൽ ദേവസ്വത്തിന് യാതൊരു അധികാരമില്ലാത്ത തരത്തിലാണ് ഗവ.കോളേജ് പ്രവർത്തിക്കുന്നതെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു.