
മാന്നാർ: രണ്ടു ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയിൽ മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഗ്രാമീണ റോഡുകളുടെ തിട്ടകൾ ഇടിഞ്ഞു വീണു. മാന്നാർ പഞ്ചായത്ത് ഒന്നാം വാർഡ് വള്ളക്കാലി ചക്കിട്ട പാലത്തിനോട് അനുബന്ധമായുള്ള ചക്കിട്ടപടി -വാലിയിൽ റോഡ്, ചക്കിട്ടപടി -പെരുംകണ്ണാരിൽ റോഡുകളുടെ വശങ്ങളാണ് ഇടിഞ്ഞത്. ഇലമ്പനം തോടിന് സമാന്തരമായിട്ടുള്ള ഈ റോഡുകളുടെ തോടിനോട് ചേർന്നുള്ള ഭാഗങ്ങളാണ് ഇടിഞ്ഞ് വീണത്. വീതി കുറഞ്ഞ ഈ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ പ്രയാസപ്പെട്ടായിരുന്നു. റോഡിന്റ തിട്ട കനത്ത മഴയിൽ ഇടിഞ്ഞു വീണതോടെ അപകട ഭീഷണി നേരിടുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വാർഡ് മെമ്പർ സുനിത എബ്രഹാം, എ.ഇ .ദിവ്യശ്രീ, ഓവർസിയർ ജെറിൻ എന്നിവർ സ്ഥലം സന്ദർശിച്ചു. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നതിനാൽ ഇറിഗേഷൻ എ.ഇയുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി കെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ടി.വി രത്നകുമാരി പറഞ്ഞു.