
അമ്പലപ്പുഴ: ഒന്നരമാസമായി കുടിവെള്ളമില്ല, പഞ്ചായത്ത് പടിക്കൽ കുത്തിയിരുന്ന് പ്രദേശവാസികൾ. തകഴി പഞ്ചായത്ത് ഒന്നാം വാർഡിലാണ് 45 ദിവസമായി കുടിവെള്ളം മുട്ടിയത്. തിരുവോണത്തിന് പോലും ശുദ്ധജലം ലഭിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ
സഹികെട്ടാണ് പഞ്ചായത്ത് പടിക്കൽ അവർ കുത്തിയിരുന്നത്. തകഴി ഗവ.ആശുപത്രിക്ക് സമീപത്തെ കുഴൽക്കിണറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് പ്രദേശത്ത് വിതരണം ചെയ്യുന്നത്. എന്നാൽ, ഇവിടത്തെ മോട്ടർ കേടായത് കാരണം പമ്പിംഗ് നടക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
മോട്ടർ കേടാണെങ്കിൽ ടാങ്കിൽ കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രദേശത്തെ ജലാശയങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതരത്തിൽ മലിനമാണെന്നും, വിലകൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കുക്കുന്ന സ്ഥിതിയാണെന്നും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരം നടത്തുമെന്നും അവർ പറയുന്നു.
അടുത്ത ദിവസം കുടിവെള്ളം എത്തിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ രണ്ടു മണിക്കൂറിന് ശേഷം നാട്ടുകാർ സമരം അവസാനിപ്പിച്ചു.